
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിർണ്ണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം (SIT). ശബരിമല തന്ത്രി കണ്ഠരര് രാജീവരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കൊച്ചിയിലെ എസ്.ഐ.ടി ഓഫീസിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് സ്വർണ്ണം സൂക്ഷിച്ചിരുന്ന മുറിയുടെ വാതിൽ തുറന്നുനൽകിയത് തന്ത്രിയാണെന്ന കണ്ടെത്തലാണ് അറസ്റ്റിലേക്ക് നയിച്ചത്. തന്ത്രിയുടെ മുൻകൂർ ജാമ്യാപേക്ഷ തടയുന്ന തരത്തിൽ അതീവ രഹസ്യമായാണ് അന്വേഷണ സംഘം നീക്കങ്ങൾ നടത്തിയത്.
സ്വർണ്ണം പുറത്തേക്ക് കൊണ്ടുപോകാൻ താൻ അനുമതി നൽകിയിട്ടില്ലെന്ന തന്ത്രിയുടെ വാദം അന്വേഷണ സംഘം പൂർണ്ണമായും തള്ളി. സ്വർണ്ണ സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട് തന്ത്രി നൽകിയ ചില പ്രത്യേക അനുമതികൾ സംശയകരമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സ്വർണ്ണത്തട്ടിപ്പ് നടന്ന വിവരം തന്ത്രിക്ക് മുൻകൂട്ടി അറിയാമായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ദേവസ്വം ബോർഡിൽ നിന്ന് ശമ്പളം കൈപ്പറ്റുന്ന വ്യക്തിയായതിനാൽ തന്ത്രി അഴിമതി നിരോധന നിയമത്തിന്റെ (Prevention of Corruption Act) പരിധിയിൽ വരുമെന്നും പോലീസ് കോടതിയെ അറിയിക്കും.
പോലീസ് നടപടികൾക്ക് പിന്നാലെ കേസിലെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ED) രംഗത്തെത്തി. കള്ളപ്പണം തടയൽ നിയമപ്രകാരം ഇ.സി.ഐ.ആർ രജിസ്റ്റർ ചെയ്താണ് ഇഡി അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ക്രൈംബ്രാഞ്ച് തയ്യാറാക്കിയ എഫ്.ഐ.ആറിലുള്ള മുഴുവൻ പേരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയാണ് ഇഡിയുടെ നീക്കം. ഇതോടെ കേസിന് അന്തർസംസ്ഥാന മാനങ്ങൾ കൂടി കൈവന്നിരിക്കുകയാണ്.