ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്: പിണറായിയുടെ വാദം തെറ്റ്; റിപ്പോര്‍ട്ട് നടപ്പാക്കിയത് ഒരു ക്രിസ്ത്യാനി പോലും അറിഞ്ഞിട്ടില്ല; മുഖ്യമന്ത്രിക്കെതിരെ ദീപിക

Jaihind News Bureau
Friday, January 9, 2026

കോട്ടയം: ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അവകാശവാദത്തിനെതിരെ കടുത്ത വിമര്‍ശനവുമായി കത്തോലിക്കാ സഭയുടെ മുഖപത്രമായ ദീപിക. കേരളത്തിലെ ക്രൈസ്തവര്‍ പോഴന്മാരാണെന്ന ധാരണയിലാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്ന് ദീപികയുടെ മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. ഒരു സമുദായത്തെ ഇത്രത്തോളം ഇരുട്ടില്‍ നിര്‍ത്തിയതിന് രാജ്യത്ത് മറ്റ് ഉദാഹരണങ്ങളില്ലെന്നും ക്രൈസ്തവരോടുള്ള സര്‍ക്കാരിന്റെ നിഷേധാത്മക സമീപനമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും പത്രം തുറന്നടിച്ചു.

ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ 220 ശുപാര്‍ശകള്‍ നടപ്പിലാക്കിയെന്ന മുഖ്യമന്ത്രിയുടെ വാദം അടിസ്ഥാനരഹിതമാണെന്ന് ദീപിക ആരോപിക്കുന്നു. ഈ റിപ്പോര്‍ട്ട് നടപ്പിലാക്കിയത് ഒരു ക്രിസ്ത്യാനി പോലും അറിഞ്ഞിട്ടില്ല എന്നതാണ് വസ്തുത. കമ്മീഷന്റെ ഏതൊക്കെ ശുപാര്‍ശകള്‍, എവിടെയാണ് നടപ്പിലാക്കിയതെന്ന് അറിയാന്‍ ക്രൈസ്തവ സമൂഹത്തിന് അവകാശമുണ്ട്. നടപ്പിലാക്കിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്ന കാര്യങ്ങള്‍ ക്രൈസ്തവ സമുദായത്തില്‍ യാതൊരു മാറ്റവും ഉണ്ടാക്കിയിട്ടില്ലെന്നും പത്രം ചൂണ്ടിക്കാട്ടുന്നു.

റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് അനാവശ്യ ദുരൂഹത സൃഷ്ടിക്കാതെ അത് പരസ്യപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് ദീപികയുടെ പ്രധാന ആവശ്യം. സംരക്ഷണമെന്ന പേരില്‍ ക്രൈസ്തവ സമുദായത്തെ സര്‍ക്കാര്‍ നിയന്ത്രിക്കുകയാണെന്നും, ഇരുട്ടില്‍ നിന്ന് മാറിനിന്ന് കാര്യങ്ങള്‍ വ്യക്തമാക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും മുഖപ്രസംഗം ആവശ്യപ്പെടുന്നു. ജനാധിപത്യത്തില്‍ യഥാര്‍ത്ഥ നിയന്ത്രണം ജനങ്ങളുടെ വിരല്‍ത്തുമ്പിലാണെന്ന ശക്തമായ മുന്നറിയിപ്പോടെയാണ് ദീപികയുടെ വിമര്‍ശനം അവസാനിക്കുന്നത്.