‘നായ ശത്രു, പൂച്ചയെ പ്രോത്സാഹിപ്പിക്കണം’; വീണ്ടും മൃഗസ്‌നേഹികളെ പൊരിച്ച് സുപ്രീം കോടതി

Jaihind News Bureau
Thursday, January 8, 2026

തെരുവുനായ വിഷയത്തിൽ സുപ്രീം കോടതിയിൽ വാദം തുടരുന്നതിനിടെ മൃഗസ്‌നേഹികൾക്കെതിരെ രൂക്ഷമായ പരിഹാസവുമായി കോടതി. തെരുവുനായ്ക്കളെ മാറ്റിയാൽ എലികൾ പെരുകുമെന്ന മൃഗസ്‌നേഹികളുടെ വാദത്തിന് മറുപടിയായാണ് കോടതിയുടെ പരിഹാസം. നായ്ക്കളും പൂച്ചകളും സ്വാഭാവിക ശത്രുക്കളാണെന്നും, അതിനാൽ തെരുവുനായ ശല്യം ഒഴിവാക്കാൻ കൂടുതൽ പൂച്ചകളെ പ്രോത്സാഹിപ്പിക്കുകയാണ് പരിഹാരമെന്നും ജസ്റ്റിസ് സന്ദീപ് മേത്ത നിരീക്ഷിച്ചു. ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

നായ്ക്കളെ തെരുവിൽ നിന്ന് മാറ്റുന്നത് പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ തെറ്റിക്കുമെന്നും എലികൾ വർദ്ധിക്കുന്നത് വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നുമാണ് മൃഗസ്‌നേഹികൾ കോടതിയിൽ വാദിച്ചത്. വന്ധ്യംകരണ പദ്ധതിയായ ‘എബിസി’ (Animal Birth Control) ചട്ടങ്ങൾ ശരിയായി നടപ്പിലാക്കിയാൽ നായശല്യം കുറയ്ക്കാമെന്നും അവർ ചൂണ്ടിക്കാട്ടി. എന്നാൽ എല്ലാ ജില്ലകളിലും എബിസി കേന്ദ്രങ്ങൾ സ്ഥാപിക്കാൻ 1600 കോടി രൂപയോളം ചെലവ് വരുമെന്നും അഞ്ച് വകുപ്പുകളുടെ ഏകോപനം ഇതിനായി ആവശ്യമാണെന്നും മൃഗസ്‌നേഹികളുടെ അഭിഭാഷകർ കോടതിയെ അറിയിച്ചു.

തെരുവുനായ്ക്കളെ തിരിച്ചറിയാൻ അവയിൽ മൈക്രോ ചിപ്പ് ഘടിപ്പിക്കണമെന്ന വിചിത്രമായ നിർദ്ദേശവും മൃഗസ്‌നേഹികൾ മുന്നോട്ടുവെച്ചു. എന്നാൽ ഇതിനെയും കോടതി തള്ളിക്കളഞ്ഞു. മൈക്രോ ചിപ്പ് സാധാരണയായി ഘടിപ്പിക്കുന്നത് വളർത്തുനായ്ക്കൾക്കാണെന്നും തെരുവുനായ്ക്കളുടെ കാര്യത്തിൽ ഇതിന്റെ പ്രായോഗികത എന്താണെന്നും കോടതി ചോദിച്ചു.

തെരുവുനായ ആക്രമണങ്ങൾ വർദ്ധിച്ചു വരുമ്പോഴും നിയമപരമായ സാങ്കേതികത്വങ്ങളും വിചിത്രമായ വാദങ്ങളും നിരത്തി പ്രതിരോധിക്കാൻ ശ്രമിക്കുന്ന മൃഗസ്‌നേഹികളുടെ നിലപാടിനോടുള്ള കടുത്ത വിയോജിപ്പാണ് കോടതിയുടെ നിരീക്ഷണങ്ങളിൽ പ്രതിഫലിക്കുന്നത്. ‘നായ്ക്കൾക്ക് കൗൺസിലിംഗ് നൽകണോ’ എന്നതടക്കമുള്ള ഇന്നലത്തെ കോടതിയുടെ ചോദ്യങ്ങൾ വലിയ തോതിൽ ചർച്ചയായിരുന്നു.