
ചാനല്‍ ചര്‍ച്ചകളില്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന വിധത്തില്‍ പ്രസ്താവനകള്‍ നടത്തുന്നതിനെതിരെ അഭിഭാഷകനും ഇടത് നിരീക്ഷകനുമായ അഡ്വ. ബി.എന്‍. ഹസ്‌കറിന് സി.പി.ഐ.എം കര്‍ശന മുന്നറിയിപ്പ് നല്‍കി. മുഖ്യമന്ത്രി പിണറായി വിജയനെയും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും വിമര്‍ശിച്ചുകൊണ്ട് ഹസ്‌കര്‍ നടത്തിയ പരാമര്‍ശങ്ങള്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് നടപടി. ഇനി മുതല്‍ ചാനല്‍ ചര്‍ച്ചകളില്‍ ‘ഇടതുനിരീക്ഷകന്‍’ എന്ന ലേബല്‍ ഒഴിവാക്കി ‘രാഷ്ട്രീയ നിരീക്ഷകന്‍’ എന്ന നിലയില്‍ മാത്രം പങ്കെടുക്കാമെന്ന് പാര്‍ട്ടി നേതൃത്വം അദ്ദേഹത്തെ അറിയിച്ചു.
അഭിഭാഷക ബ്രാഞ്ച് യോഗത്തില്‍ വെച്ച് സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം കെ. സോമപ്രസാദാണ് ഹസ്‌കറിനെതിരെ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്. പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടുകള്‍ക്ക് വിരുദ്ധമായി ചര്‍ച്ചകളില്‍ സംസാരിക്കുന്നത് അച്ചടക്കലംഘനമായി കാണേണ്ടി വരുമെന്നും സോമപ്രസാദ് യോഗത്തില്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയെ പരസ്യമായി വിമര്‍ശിക്കുന്നത് സര്‍ക്കാരിനെയും പാര്‍ട്ടിയെയും ഒരേപോലെ ബാധിക്കുന്ന ഒന്നാണെന്നും നേതൃത്വം വിലയിരുത്തി.
എന്നാല്‍, പാര്‍ട്ടിയുടെ വിമര്‍ശനങ്ങളെ ഹസ്‌കര്‍ യോഗത്തില്‍ പ്രതിരോധിച്ചു. താന്‍ ചാനല്‍ ചര്‍ച്ചകളില്‍ പറഞ്ഞത് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി കൈക്കൊണ്ട നിലപാടുകളാണെന്നായിരുന്നു ഹസ്‌കറുടെ മറുപടി. താന്‍ പറഞ്ഞ കാര്യങ്ങള്‍ പാര്‍ട്ടി വിരുദ്ധമാണെന്ന് കരുതി നടപടിയെടുക്കുകയാണെങ്കില്‍, എ.കെ. ബാലനും രാജു എബ്രഹാമും ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെയും നടപടി എടുക്കണമെന്നും അദ്ദേഹം തുറന്നടിച്ചു. നേതാക്കള്‍ക്കിടയില്‍ തന്നെ ഭിന്നാഭിപ്രായങ്ങളുള്ള വിഷയങ്ങളില്‍ ഏകപക്ഷീയമായി നടപടിയെടുക്കുന്നതിലെ വിയോജിപ്പാണ് അദ്ദേഹം പ്രകടിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചാനല്‍ ചര്‍ച്ചകളില്‍ മുഖ്യമന്ത്രിയുടെ ശൈലിയെയും വെള്ളാപ്പള്ളി നടേശനുമായുള്ള പാര്‍ട്ടി ബന്ധങ്ങളെയും ഹസ്‌കര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഈ പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയിലടക്കം വലിയ ചര്‍ച്ചയായതോടെയാണ് പാര്‍ട്ടി അടിയന്തരമായി ഇടപെട്ടത്.