
തലശ്ശേരി: സിപിഎം നേതാവായിരുന്ന കെ. ലതേഷിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരായ ഏഴ് പ്രതികള്‍ക്കും കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. തലശ്ശേരി നാലാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ജെ. വിമല്‍ ആണ് വിധി പ്രസ്താവിച്ചത്.
കേസിലെ ഒന്ന് മുതല്‍ ഏഴ് വരെയുള്ള പ്രതികളായ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. ഇവര്‍ക്ക് ജീവപര്യന്തം തടവിനൊപ്പം പിഴയും വിധിച്ചിട്ടുണ്ട്. അതേസമയം, കേസിലെ 9 മുതല്‍ 12 വരെയുള്ള പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു. വിചാരണാ കാലയളവില്‍ എട്ടാം പ്രതി മരണപ്പെട്ടിരുന്നു.
2008 ഡിസംബര്‍ 31-നാണ് തലശ്ശേരി തലായിലെ സിപിഎം നേതാവായിരുന്ന ലതേഷിനെ പ്രതികള്‍ ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയത്. അര്‍ദ്ധരാത്രിയില്‍ വീടിന് സമീപത്തുവെച്ച് ആയുധങ്ങളുമായെത്തിയ സംഘം ലതേഷിനെ ആക്രമിക്കുകയായിരുന്നു. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍.