ഉടുമ്പന്‍ചോലയില്‍ അട്ടിമറി ഭീതി; വീണ്ടും മണി തന്നെ ശരണം, ടേം വ്യവസ്ഥയില്‍ ഇളവ് തേടി ജില്ലാ നേതൃത്വം

Jaihind News Bureau
Thursday, January 8, 2026

ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ ഉറച്ച കോട്ടയായ ഉടുമ്പന്‍ചോലയില്‍ ഇത്തവണയും എം.എം. മണി തന്നെ ജനവിധി തേടും. സി.പി.എമ്മിന്റെ രണ്ട് ടേം നിബന്ധനയില്‍ മണിക്ക് പ്രത്യേക ഇളവ് നല്‍കണമെന്ന് ജില്ലാ നേതൃത്വം സംസ്ഥാന സമിതിയോട് ആവശ്യപ്പെടും. തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലുണ്ടായ കനത്ത തിരിച്ചടിയാണ് സി.പി.എമ്മിനെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 38,305 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ജയിച്ച മണ്ഡലത്തില്‍ ഇപ്പോള്‍ സി.പി.എം വലിയ പ്രതിസന്ധിയിലാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ കൈവശമിരുന്ന അഞ്ച് പഞ്ചായത്തുകള്‍ യു.ഡി.എഫ് പിടിച്ചെടുത്തു. മണ്ഡലത്തിലെ നിലവിലെ വോട്ട് കണക്കുകള്‍ പരിശോധിക്കുമ്പോള്‍ യു.ഡി.എഫ് എണ്ണൂറോളം വോട്ടുകള്‍ക്ക് മുന്നിലാണ്. മറ്റൊരു സ്ഥാനാര്‍ത്ഥിയെ പരീക്ഷിച്ചാല്‍ മണ്ഡലം കൈവിട്ടുപോകുമെന്ന ഭയമാണ് 81-കാരനായ എം.എം. മണിയെ തന്നെ വീണ്ടും രംഗത്തിറക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിക്കുന്നത്.

ശാരീരിക അവശതകള്‍ മൂലം എം.എം. മണി ഇത്തവണ മത്സരരംഗത്തുണ്ടാകില്ലെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍, മണിയെ മാറ്റിയാല്‍ മണ്ഡലത്തില്‍ സ്വീകാര്യനായ മറ്റൊരു നേതാവില്ലെന്നത് സി.പി.എമ്മിനെ കുഴക്കുന്നു. മണിയുടെ വ്യക്തിപ്രഭാവം ഉപയോഗിച്ച് പഴയ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും എങ്ങനെയെങ്കിലും ജയിച്ചു കയറാമെന്നാണ് സി.പി.എമ്മിന്റെ കണക്കുകൂട്ടല്‍. അതേസമയം, അനുകൂലമായ രാഷ്ട്രീയ സാഹചര്യം മുതലെടുത്ത് ഉടുമ്പന്‍ചോല പിടിച്ചെടുക്കാന്‍ യു.ഡി.എഫും ഒരുങ്ങിക്കഴിഞ്ഞു. എം.എം. മണിക്കെതിരെ അതിശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ രംഗത്തിറക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നീക്കം. പഞ്ചായത്തുകളില്‍ നേടിയ മേധാവിത്വം നിയമസഭയിലും ആവര്‍ത്തിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് ക്യാമ്പ്.