
പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനും പശ്ചിമഘട്ട സംരക്ഷണത്തിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിക്കുകയും ചെയ്ത മാധവ് ഗാഡ്ഗിൽ (83) അന്തരിച്ചു. ബുധനാഴ്ച രാത്രി പൂനെയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ മകൻ സിദ്ധാർത്ഥ ഗാഡ്ഗിലാണ് മരണവാർത്ത പുറത്തുവിട്ടത്.
പരിസ്ഥിതി സംരക്ഷണവും വികസനവും എങ്ങനെ സമന്വയിപ്പിക്കണമെന്ന് ലോകത്തിന് കാണിച്ചുതന്ന അദ്ദേഹം, സാധാരണക്കാരായ ജനങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ‘ബോട്ടം-അപ്പ്’ വികസന രീതിയുടെ ശക്തനായ വക്താവായിരുന്നു. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ അദ്ദേഹം, ആറു പതിറ്റാണ്ട് നീണ്ട തന്റെ ഔദ്യോഗിക ജീവിതത്തില്‍ ശാസ്ത്രത്തെ ജനകീയമാക്കുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചു.
പശ്ചിമഘട്ടത്തിന്റെ നിലനില്‍പ്പിനായി 2011-ല്‍ അദ്ദേഹം സമര്‍പ്പിച്ച ‘ഗാഡ്ഗില്‍ റിപ്പോര്‍ട്ട്’ പരിസ്ഥിതി ചര്‍ച്ചകളില്‍ ഇന്നും വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു. പശ്ചിമഘട്ടത്തിന്റെ 75 ശതമാനം ഭാഗവും പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കണമെന്നും അവിടെ ഖനനവും വന്‍കിട നിര്‍മ്മാണങ്ങളും നിയന്ത്രിക്കണമെന്നുമായിരുന്നു റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ. ഭരണകൂടങ്ങള്‍ ഈ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ മടിച്ചെങ്കിലും, സമീപകാലത്ത് കേരളത്തിലുള്‍പ്പെടെയുണ്ടായ പ്രകൃതി ദുരന്തങ്ങള്‍ ഗാഡ്ഗിലിന്റെ ദീര്‍ഘവീക്ഷണമുള്ള മുന്നറിയിപ്പുകള്‍ എത്രത്തോളം ശരിയായിരുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു.
ശാസ്ത്രജ്ഞന്‍ എന്നതിലുപരി ഒരു മനുഷ്യസ്‌നേഹിയായ പരിസ്ഥിതി പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. ആദിവാസികള്‍, കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവരുടെ പരമ്പരാഗത അറിവുകളെ ശാസ്ത്രീയ പഠനങ്ങളുമായി അദ്ദേഹം കോര്‍ത്തിണക്കി. ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ അദ്ദേഹം സ്ഥാപിച്ച സെന്റര്‍ ഫോര്‍ ഇക്കോളജിക്കല്‍ സയന്‍സസ് ഇന്നും രാജ്യത്തെ പരിസ്ഥിതി പഠനങ്ങളുടെ കേന്ദ്രമാണ്. ഐക്യരാഷ്ട്രസഭയുടെ 2024-ലെ ‘ചാമ്പ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
വാര്‍ദ്ധക്യത്തിലും പരിസ്ഥിതി വിഷയങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന ഗാഡ്ഗില്‍, 2023-ല്‍ ‘എ വാക്ക് അപ്പ് ദ ഹില്‍’എന്ന തന്റെ ആത്മകഥയും പുറത്തിറക്കിയിരുന്നു. പശ്ചിമഘട്ടത്തിലെ കുന്നുകള്‍ക്കിടയില്‍ ജനിച്ച് വളര്‍ന്ന അദ്ദേഹം, പ്രകൃതിയുടെ ഓരോ സ്പന്ദനത്തെയും ശാസ്ത്രീയമായി വിശകലനം ചെയ്ത അത്യപൂര്‍വ്വ പ്രതിഭയായിരുന്നു. പ്രശസ്ത കാലാവസ്ഥാ ശാസ്ത്രജ്ഞയായിരുന്ന ഭാര്യ സുലോചന ഗാഡ്ഗിലിന്റെ വേര്‍പാടിന് ഒരു വര്‍ഷത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ അന്ത്യം.