‘ശബരിമലയിലേത് വന്‍കൊള്ള; ദൈവത്തെ പോലും വെറുതെ വിട്ടില്ല’: കെ പി ശങ്കരദാസിന്റെ ഹര്‍ജി തള്ളി സുപ്രീം കോടതി

Jaihind News Bureau
Monday, January 5, 2026

 

ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി ശങ്കരദാസ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ഹര്‍ജി പരിഗണിക്കവെ ‘നിങ്ങള്‍ ദൈവത്തെപ്പോലും വെറുതെ വിട്ടില്ലല്ലോ’ എന്ന അതീവ ഗുരുതരമായ നിരീക്ഷണമാണ് കോടതി നടത്തിയത്. ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ ഇടപെടാന്‍ വിസമ്മതിച്ചത്.

തന്റെ പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് അറസ്റ്റ് നടപടികളില്‍ നിന്ന് സംരക്ഷണം വേണമെന്നായിരുന്നു ശങ്കരദാസിന്റെ പ്രധാന ആവശ്യം. തട്ടിപ്പില്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്ന ഹൈക്കോടതിയുടെ മുന്‍പത്തെ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം നിരീക്ഷണങ്ങള്‍ അന്വേഷണത്തെ ബാധിക്കുമെന്നായിരുന്നു വാദം.

ദേവസ്വം ബോര്‍ഡിന്റെ അന്നത്തെ മിനിറ്റ്‌സില്‍ ശങ്കരദാസ് ഒപ്പിട്ടിട്ടുണ്ടെന്ന കാര്യം കോടതി ചൂണ്ടിക്കാട്ടി. കൃത്യത്തില്‍ പങ്കാളിയായ ഒരാള്‍ക്ക് ഇപ്പോള്‍ ഇത്തരമൊരു ആനുകൂല്യം നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതിയുടെ പരാമര്‍ശങ്ങളില്‍ ഇടപെടാന്‍ വിസമ്മതിച്ച സുപ്രീം കോടതി, വേണമെങ്കില്‍ ഈ ആവശ്യവുമായി വീണ്ടും ഹൈക്കോടതിയെ തന്നെ സമീപിക്കാമെന്ന് നിര്‍ദ്ദേശിച്ചു. ശബരിമലയിലെ സ്വര്‍ണ്ണാഭരണങ്ങളില്‍ കുറവുണ്ടായ സംഭവത്തില്‍ അന്നത്തെ ബോര്‍ഡ് അംഗങ്ങള്‍ക്ക് ഭരണപരമായ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന ഹൈക്കോടതി നിരീക്ഷണം ഇതോടെ നിലനില്‍ക്കും.