
തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയ സുമയ്യ സര്‍ക്കാരിനെതിരെ കോടതിയിലേക്ക്. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സുമയ്യ കോടതിയെ സമീപിക്കുന്നത്. നാളെ വഞ്ചിയൂര്‍ ജില്ലാ സെഷന്‍സ് കോടതിയിലെ പെര്‍മനന്റ് ലോക് അദാലത്തിലാണ് കേസ് ഫയല്‍ ചെയ്യുന്നത്.
2023 മാര്‍ച്ച് 22-നാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ സുമയ്യയെ തൈറോയിഡ് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. ഡോ. രാജീവ് കുമാറിന്റെ യൂണിറ്റില്‍ നടന്ന ഈ ശസ്ത്രക്രിയയ്ക്കിടെ അശ്രദ്ധമൂലം ‘ഗൈഡ് വയര്‍’ നെഞ്ചില്‍ കുടുങ്ങുകയായിരുന്നു. കീഹോള്‍ ശസ്ത്രക്രിയ വഴി ഈ വയര്‍ പുറത്തെടുക്കാന്‍ രണ്ട് തവണ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ഗൈഡ് വയറിന്റെ രണ്ടറ്റവും ശരീരത്തിലെ ടിഷ്യുകളുമായി ഒട്ടിച്ചേര്‍ന്ന നിലയിലാണ്. വയര്‍ പുറത്തെടുക്കാന്‍ ശ്രമിക്കുന്നത് സുമയ്യയുടെ ജീവന് തന്നെ ഭീഷണിയായേക്കാമെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായേക്കാമെന്നുമാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. ചികിത്സാ പിഴവ് മൂലം ശാരീരികവും മാനസികവുമായ പ്രയാസങ്ങള്‍ അനുഭവിക്കുന്ന സാഹചര്യത്തിലാണ് സുമയ്യ നീതി തേടി കോടതിയിലേക്ക് നീങ്ങുന്നത്.