
ന്യൂഡല്‍ഹി: 2020-ലെ വടക്ക്-കിഴക്കന്‍ ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവരുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. എന്നാല്‍ ഇതേ കേസില്‍ വിചാരണ നേരിടുന്ന മറ്റ് അഞ്ച് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസുമാരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
കലാപത്തിന്റെ ആസൂത്രണത്തിലും ഗൂഢാലോചനയിലും ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും മുഖ്യ പങ്കുണ്ടെന്ന് പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് നിരീക്ഷിച്ചാണ് കോടതി ഇരുവരുടെയും ജാമ്യം നിഷേധിച്ചത്. ദേശീയ സുരക്ഷയും ക്രമസമാധാനവും കണക്കിലെടുക്കുമ്പോള്‍ വ്യക്തിസ്വാതന്ത്ര്യത്തിന് നിയന്ത്രണങ്ങളുണ്ടെന്നും, യു.എ.പി.എ നിയമപ്രകാരം ഇരുവരുടെയും കുറ്റകൃത്യങ്ങള്‍ മറ്റ് പ്രതികളില്‍ നിന്ന് വ്യത്യസ്തമായ തലത്തിലുള്ളതാണെന്നും കോടതി വ്യക്തമാക്കി.
എന്നാല്‍ സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാകുമ്പോള്‍ അല്ലെങ്കില്‍ ഒരു വര്‍ഷത്തിനു ശേഷം ഇവര്‍ക്ക് വീണ്ടും ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്ന് ബെഞ്ച് അറിയിച്ചു. കേസിലെ മറ്റ് പ്രതികളായ ഗുല്‍ഫിഷ ഫാത്തിമ, മീരാന്‍ ഹൈദര്‍, ഷിഫാ-ഉര്-റഹ്മാന്, മുഹമ്മദ് ഷക്കീല്‍ ഖാന്, ഷദാബ് അഹമ്മദ് എന്നിവര്‍ക്കാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. വിചാരണയ്ക്ക് മുന്‍പുള്ള തടവ് ഇനിയും തുടരേണ്ട ആവശ്യമില്ലെന്ന് വിലയിരുത്തിയാണ് ഇവര്‍ക്ക് ഉപാധികളോടെ ജാമ്യം നല്‍കിയത്.
ഭരണഘടന വ്യക്തിസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നുണ്ടെങ്കിലും ദേശീയ സുരക്ഷയെയും ക്രമസമാധാനത്തെയും ബാധിക്കുന്ന ഘട്ടങ്ങളില്‍ അത് കേവലമായ ഒന്നായി കാണാനാവില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. യു.എ.പി.എ കേസുകളില്‍ ജാമ്യം പരിഗണിക്കുമ്പോള്‍ വ്യക്തിസ്വാതന്ത്ര്യവും രാജ്യസുരക്ഷയും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.