നടനും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു

Jaihind News Bureau
Monday, January 5, 2026

പാലക്കാട്: പ്രമുഖ നടനും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ കണ്ണന്‍ പട്ടാമ്പി (53) അന്തരിച്ചു. ഇന്നലെ രാത്രി 11.40 ഓടെയായിരുന്നു അന്ത്യം. പ്രശസ്ത സംവിധായകന്‍ മേജര്‍ രവിയുടെ സഹോദരനാണ്. സംസ്‌കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് പട്ടാമ്പിക്കടുത്തുള്ള ഞാങ്ങാട്ടിരിയിലെ വീട്ടുവളപ്പില്‍ നടക്കും.

നടന്‍ എന്ന നിലയിലും നിര്‍മ്മാണ നിര്‍വ്വഹണ രംഗത്തും ഒരേപോലെ തിളങ്ങിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. പുലിമുരുകന്‍, പുനരധിവാസം, അനന്തഭദ്രം, ഒടിയന്‍, കീര്‍ത്തിചക്ര, വെട്ടം, ക്രേസി ഗോപാലന്‍, കാണ്ഡഹാര്‍, തന്ത്ര, 12th മാന്‍ തുടങ്ങിയ നിരവധിയായ ഹിറ്റ് ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. പ്രൊഡക്ഷന്‍ കണ്‍ട്രോളറായും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. മേജര്‍ രവി, ഷാജി കൈലാസ്, വി.കെ. പ്രകാശ്, സന്തോഷ് ശിവന്‍, കെ.ജെ. ബോസ്, അനില്‍ മേടയില്‍ തുടങ്ങിയ പ്രമുഖ സംവിധായകരുടെ സിനിമകളില്‍ നിര്‍മ്മാണ നിര്‍വ്വഹണ വിഭാഗത്തിന്റെ ഭാഗമായിരുന്നു. പട്ടാമ്പിയിലെ കലാ-സാംസ്‌കാരിക മേഖലകളിലും സിനിമയ്ക്കുള്ളിലും വലിയ സൗഹൃദവലയമുള്ള വ്യക്തിയായിരുന്നു കണ്ണന്‍ പട്ടാമ്പി. അദ്ദേഹത്തിന്റെ വിയോഗത്തില്‍ സിനിമാ ലോകത്തെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.