ഡയാലിസിസ് മരണങ്ങള്‍: ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ കേസെടുത്തു; അന്വേഷണം മെഡിക്കല്‍ ബോര്‍ഡിന്

Jaihind News Bureau
Monday, January 5, 2026

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് ചെയ്ത രോഗികള്‍ മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ചികിത്സാപ്പിഴവ് ആരോപിച്ച് മരണപ്പെട്ട രാമചന്ദ്രന്റെ ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് ഹരിപ്പാട് പൊലീസിന്റെ നടപടി. ആശുപത്രി സൂപ്രണ്ട്, ഡയാലിസിസ് യൂണിറ്റിലെ ജീവനക്കാര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ഭാരതീയ ന്യായ സംഹിത (BNS) 125, 106(1) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കായംകുളം സ്വദേശി മജീദ്, ഹരിപ്പാട് സ്വദേശി രാമചന്ദ്രന്‍ എന്നിവരാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഡയാലിസിസ് സെന്ററിലെ അണുബാധയാണ് മരണത്തിന് കാരണമെന്നും ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്നും കുടുംബം ആരോപിക്കുന്നു. സംഭവത്തില്‍ ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കുന്നതിനായി പുതിയ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ന്നുള്ള നടപടികള്‍.