
വയനാട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസിന്റെ ഒരുക്കങ്ങള്‍ക്ക് ദിശാബോധം നല്‍കുന്ന കെപിസിസി ദ്വിദിന നേതൃക്യാമ്പ് ‘ലക്ഷ്യ’ ഇന്ന് സമാപിക്കും. വൈകുന്നേരം 3:30-ഓടെയാണ് വയനാട്ടില്‍ വെച്ച് നടക്കുന്ന ക്യാമ്പ് അവസാനിക്കുക.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നിയമസഭാ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ സംബന്ധിച്ച സമഗ്രമായ റിപ്പോര്‍ട്ട് ഇന്ന് ക്യാമ്പില്‍ അവതരിപ്പിക്കും. റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളില്‍ ക്യാമ്പ് അംഗങ്ങള്‍ക്കിടയില്‍ വിശദമായ ചര്‍ച്ച നടക്കും. തുടര്‍ന്ന് ഇതില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി അന്തിമ തെരഞ്ഞെടുപ്പ് കര്‍മ്മപദ്ധതിക്ക് ക്യാമ്പ് അംഗീകാരം നല്‍കും. ബൂത്ത് തലം മുതല്‍ പാര്‍ട്ടിയെ സജ്ജമാക്കുന്നതിനും ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റുന്നതിനുമുള്ള തന്ത്രങ്ങള്‍ക്കാണ് ക്യാമ്പ് മുന്‍ഗണന നല്‍കുന്നത്. സംസ്ഥാന രാഷ്ട്രീയത്തിലെ നിര്‍ണ്ണായക നീക്കങ്ങള്‍ക്ക് തുടക്കമിട്ടുകൊണ്ടാണ് ‘ലക്ഷ്യ’ ക്യാമ്പിന് ഇന്ന് സമാപനമാകുന്നത്.