
വ്യായാമത്തിനായി വീട്ടില്‍ കെട്ടിയിരുന്ന പ്ലാസ്റ്റിക് കയറില്‍ അബദ്ധത്തില്‍ കുരുങ്ങി വിദ്യാര്‍ത്ഥിനി മരിച്ചു. കൂറ്റനാട് പുളിക്കല്‍ വീട്ടില്‍ അലിമോന്റെ മകള്‍ ആയിഷ ഹിഫ (11) ആണ് മരിച്ചത്. വട്ടേനാട് ജി.വി.എച്ച്.എസ്.എസിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ആയിഷ.
ഉയരക്കുറവ് പരിഹരിക്കുന്നതിനായി വീടിന്റെ അടുക്കളയില്‍ പ്ലാസ്റ്റിക് കയര്‍ തൂക്കിയിട്ടിരുന്നു. ഈ കയറില്‍ തൂങ്ങിയുള്ള വ്യായാമത്തിനിടയില്‍ അബദ്ധത്തില്‍ കഴുത്തില്‍ കുരുങ്ങുകയായിരുന്നുവെന്ന് തൃത്താല പോലീസ് അറിയിച്ചു. കുട്ടിയുടെ മാതാവും സഹോദരിയും പുറത്തുപോയ സമയത്തായിരുന്നു അപകടം. വീട്ടിലുണ്ടായിരുന്ന മുത്തശ്ശിമാര്‍ കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അടുക്കളയില്‍ കയറില്‍ കുരുങ്ങിയ നിലയില്‍ ആയിഷയെ കണ്ടെത്തിയത്. ഉടന്‍ തന്നെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിലവില്‍ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തൃത്താല പോലീസ് സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് തുടര്‍ നടപടികള്‍ ആരംഭിച്ചു.