വെനസ്വേലയുടെ ഭരണം ഏറ്റെടുക്കാനില്ല: ട്രംപിന്റെ പ്രസ്താവന തിരുത്തി മാര്‍ക്കോ റൂബിയോ

Jaihind News Bureau
Monday, January 5, 2026

വെനസ്വേലയുടെ ദൈനംദിന ഭരണകാര്യങ്ങളില്‍ നേരിട്ട് ഇടപെടാന്‍ അമേരിക്കയ്ക്ക് പദ്ധതിയൊന്നുമില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കി. യോഗ്യനായ ഒരു നേതാവിനെ കണ്ടെത്തുന്നത് വരെ അമേരിക്ക വെനസ്വേല ഭരിക്കുമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ പ്രസ്താവനയ്ക്ക് വിരുദ്ധമാണ് റൂബിയോയുടെ ഈ വിശദീകരണം.

അമേരിക്കയുടെ പോരാട്ടം വെനസ്വേല എന്ന രാജ്യത്തോടല്ല, മറിച്ച് അവിടെ തമ്പടിച്ചിരിക്കുന്ന ലഹരിക്കടത്ത് സംഘങ്ങളോടാണെന്ന് റൂബിയോ പറഞ്ഞു. ശനിയാഴ്ച നടന്ന നീക്കം ഒരു അധിനിവേശമല്ല, മറിച്ച് നിയമപാലനത്തിന്റെ ഭാഗമായ നടപടി മാത്രമായിരുന്നു. എണ്ണസമ്പന്നമായ വെനസ്വേലയെ യുഎസ് ‘പ്രവര്‍ത്തിപ്പിക്കും’ എന്ന് ട്രംപ് പറഞ്ഞത് ഉപരോധങ്ങളിലൂടെ ലഹരി മാഫിയക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനെക്കുറിച്ചാണെന്നും ഇത് മിഡില്‍ ഈസ്റ്റിലെ ഇടപെടലുകള്‍ പോലെയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദീര്‍ഘകാല സൈനിക ഇടപെടല്‍ തള്ളിക്കളഞ്ഞില്ലെങ്കിലും, വെനസ്വേലയിലെ ജനങ്ങളെ മികച്ച ഭാവിയിലേക്ക് നയിക്കാനാണ് അമേരിക്കന്‍ നടപടികള്‍ ലക്ഷ്യമിടുന്നത്.

അതിനിടെ, വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് ചുമതലയേറ്റു. ഒരു രാജ്യത്തിന്റെയും കോളനിയാകാന്‍ വെനസ്വേല തയ്യാറല്ലെന്ന് അവര്‍ പ്രഖ്യാപിച്ചു. ബഹുമാനം ലഭിക്കാത്ത ഒരിടത്തും ചര്‍ച്ചകള്‍ക്കില്ലെന്നും, അമേരിക്കയുടെ അടുത്ത നീക്കങ്ങളെ രാജ്യം സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും ഡെല്‍സി വ്യക്തമാക്കി.

പിടിയിലായ വെനസ്വേലന്‍ മുന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ ജയിലില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നു. ന്യൂയോര്‍ക്കിലെ ജയില്‍ അധികൃതര്‍ക്ക് നടുവില്‍ പതറാത്ത ഭാവത്തോടെ, ചെറുചിരിയോടെ ‘തംപ്‌സ് അപ്’ മുദ്ര കാണിച്ചിരിക്കുന്ന മദൂറോയുടെ ചിത്രം അന്താരാഷ്ട്ര ശ്രദ്ധ നേടിയിരിക്കുകയാണ്. ശനിയാഴ്ച രാത്രി നടന്ന സൈനിക നടപടിക്കൊടുവില്‍ മദൂറോയും ഭാര്യയും പിടിയിലാകുകയായിരുന്നു. ഡിഇഎ ആസ്ഥാനത്ത് എത്തിച്ച ഇവരെ പിന്നീട് ഹെലികോപ്റ്റര്‍ മാര്‍ഗം ബ്രൂക്ലിനിലെ മെട്രോപൊളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് മാറ്റി. വിചാരണ പൂര്‍ത്തിയാകുന്നത് വരെ മദൂറോ ഇവിടെ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.