ബംഗാളിൽ കളം മാറ്റി മൗസം നൂർ; കോൺഗ്രസിലേക്ക് വമ്പൻ തിരിച്ചുവരവ്

Jaihind News Bureau
Saturday, January 3, 2026

ന്യൂഡൽഹി: പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ സുപ്രധാനമായ വഴിത്തിരിവായി മൗസം നൂർ ഇന്ത്യൻ നാഷണൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി. മാൽദയിൽ നിന്നുള്ള മുൻ ലോക്സഭാ അംഗവും യൂത്ത് കോൺഗ്രസ് പ്രസിഡന്റുമായിരുന്ന മൗസം നൂറിന്റെ തിരിച്ചുവരവ് പാർട്ടിയുടെ സംഘടനാ ശക്തിക്കും രാഷ്ട്രീയ ആത്മവിശ്വാസത്തിനും വലിയ ഉണർവായി മാറും.

മൗസം നൂർ കോൺഗ്രസ് സ്ഥാനാർത്ഥിയായി പശ്ചിമ ബംഗാളിലെ മാൽദ മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്സഭയിൽ സേവനമനുഷ്ഠിച്ചിരുന്നു. തുടർന്ന്, ഏകദേശം അഞ്ച് വർഷങ്ങൾക്ക് മുൻപ് അവർ കോൺഗ്രസ് പാർട്ടിയിലും ലോക്സഭാ അംഗത്വത്തിലും നിന്ന് രാജിവെച്ച് ഓൾ ഇന്ത്യ തൃണമൂല്‍ കോൺഗ്രസിൽ ചേർന്നു. പിന്നീട് തൃണമൂൽ കോൺഗ്രസ് നൽകിയ അവസരത്തിൽ രാജ്യമസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ അവർ രാജ്യമസഭാ എംപി സ്ഥാനത്താണ് തുടരുന്നത്.
ഇപ്പോൾ വീണ്ടും ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കുടുംബത്തിലേക്ക് മടങ്ങിയെത്തിയ മൗസം നൂറിനെ കോൺഗ്രസ് നേതൃത്വം ഹൃദയപൂർവ്വം സ്വാഗതം ചെയ്തു. പശ്ചിമ ബംഗാളിൽ പാർട്ടി പുനർനിർമ്മാണം ശക്തമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഈ തിരിച്ചുവരവ് നിർണായകമാകുമെന്ന് നേതൃത്വം വിലയിരുത്തുന്നു.

മാൽദയിലെയും പശ്ചിമ ബംഗാളിലെയും ജനങ്ങൾ കോൺഗ്രസിന്റെ മതനിരപേക്ഷത, വികസനം, സമാധാനം എന്നീ മൂല്യങ്ങളിൽ വിശ്വസിക്കുന്നതായി മൗസം നൂർ പ്രതികരിച്ചു. പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്താൻ മുഴുവൻ ഊർജ്ജത്തോടെയും പ്രവർത്തിക്കുമെന്ന് അവർ വ്യക്തമാക്കി. മൗസം നൂറിന്റെ തിരിച്ചുവരവ് പശ്ചിമ ബംഗാളിൽ കോൺഗ്രസിന് പുതിയ രാഷ്ട്രീയ ഊർജ്ജം പകരുമെന്നും, ജനകീയ വിഷയങ്ങൾ ഉയർത്തിപ്പിടിച്ച് ശക്തമായ പ്രതിപക്ഷ രാഷ്ട്രീയത്തിന് വഴിയൊരുക്കുമെന്നും പാർട്ടി നേതൃത്വം ആത്മവിശ്വാസത്തോടെ പറയുന്നു.