‘സിപിഎമ്മിന്റെയും ബിജെപിയുടേയും ആക്ഷേപം അടിസ്ഥാന രഹിതം’; ഇരുവരുടേയും സ്വപ്നം പൂവണിയില്ലെന്നും സണ്ണി ജോസഫ് എംഎല്‍എ

Jaihind News Bureau
Saturday, January 3, 2026

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പോറ്റിയുമായി ബന്ധപ്പെടുത്തി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ സിപിഎമ്മിന്റെയും ബിജെപിയുടേയും ആക്ഷേപം അടിസ്ഥാന രഹിതമാണെന്നും ഈ വിഷയത്തില്‍ ഇരുവരുടേയും സ്വപ്നം പൂവണിയില്ലെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ പ്രതി കണ്ടതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാക്കളെ ആക്ഷേപിക്കാന്‍ സിപിഎമ്മും ബിജെപിയും ഒത്തുചേര്‍ന്ന് പരിശ്രമിക്കുകയാണ്. സ്വര്‍ണ്ണക്കൊള്ള നടത്തിയവരെ സംരക്ഷിക്കാനായി നിരപാധികളെ ശിക്ഷിക്കാന്‍ ഭരണസംവിധാനം സിപിഎം ദുരുപയോഗപ്പെടുത്തുകയാണ്. ജനങ്ങളുടെ വിവേചന അധികാരത്തെയും സത്ബുദ്ധിയേയും ആരും വിലകുറച്ച് കാണണ്ട. കേരളത്തിലേയും ശബരിമലയിലേയും ഭരണാധികാരികള്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. കോണ്‍ഗ്രസ് രാജ്യത്തും സംസ്ഥാനത്തും പ്രതിപക്ഷത്താണ്. അതുകൊണ്ട് ശബരിമലയിലെ കള്ളന്‍മാര്‍ക്ക് ഒത്താശ ചെയ്യാന്‍ സാധിക്കുക ഭരണകക്ഷിക്കാണെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ അറസ്റ്റിലായി ജയില്‍ കഴിയുന്ന പ്രതികള്‍ക്കെതിരെ സിപിഎം ചെറിയ ശിക്ഷണ നടപടി പോലും എടുത്തില്ല. വിശദീകരണം ചോദിക്കാന്‍ പോലും സിപിഎം നേതൃത്വം തയ്യാറാകുന്നില്ല. പോറ്റി മുഖ്യമന്ത്രിയുടെ അടുത്തെത്തിയത് എന്തിനാണെന്ന് വ്യക്തമാക്കണം. സ്വര്‍ണ്ണക്കൊള്ള കേസില്‍ പ്രതികളെ രക്ഷിക്കാനുള്ള സിപിഎം ശ്രമം ജനം തിരിച്ചറിയുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് വിജയിക്കാന്‍ യുഡിഎഫ് സ്വതന്ത്രന് പണം നല്‍കി സിപിഎം സ്വാധീനിച്ചു. അതിന്റെ ഫോണ്‍ സന്ദേശം പുറത്തുവന്നിരുന്നു. കുതിരക്കച്ചവടം നടത്തി തിരഞ്ഞെടുപ്പ് പരാജയം മറച്ചുപിടിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. മറ്റത്തൂരിലും കാലുമാറ്റത്തിന് പ്രോത്സാഹനം നടത്തി. അംഗങ്ങളെ ചാക്കിട്ടുപിടിച്ചു. ഈ രണ്ട് സംഭവങ്ങളും സിപിഎമ്മിന്റെ ജനാധിപത്യവിരുദ്ധ നിലപാടുകള്‍ തെളിയിക്കുന്നതാണ്. വടക്കാംഞ്ചേരി സംഭവത്തില്‍ ഗൂഢാലോചന അന്വേഷിക്കണമെന്നും പ്രതികളെ അറസ്റ്റ് ചെയ്യണം എന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് വിജിലന്‍സിന് പരാതി നല്‍കിയിട്ടുണ്ട്. കൂറുമാറ്റത്തിന് പ്രേരിപ്പിച്ച സിപിഎം നേതാക്കളെ അവര്‍ സംരക്ഷിക്കുകയാണെന്നും സണ്ണി ജോസഫ് കുറ്റപ്പെടുത്തി.

മറ്റത്തൂരില്‍ ഒരാളും ബിജെപിയില്‍ ചേര്‍ന്നിട്ടില്ലെന്നും അവരുടെ പിന്തുണയോടെ ജയിച്ച സ്ഥാനങ്ങള്‍ രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സണ്ണി ജോസഫ് വ്യക്കമാക്കി. സ്വതന്ത്രയായി വിജയിച്ച അംഗത്തിന് നിര്‍ദ്ദേശം നല്‍കാന്‍ പരിമിതിയുണ്ടെങ്കിലും ഇക്കാര്യം ഉന്നയിച്ചിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് ഒരു ചിട്ടയായ സംവിധാനവും നടപടിക്രമവുമുണ്ടെന്നും അതിന്‍ പ്രകാരം നടക്കുമെന്നും സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കുന്നത് സംബന്ധിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത് വ്യക്തമായ തീരുമാനം എടുക്കും. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് തീരുമാനിച്ചിട്ടില്ലെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി സണ്ണി ജോസഫ് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഒരു സര്‍വെയും നടത്തിയിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ ജനം അവരുടെ അഭിപ്രായം യുഡിഎഫിന് അനുകൂലമായി രേഖപ്പെടുത്തിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ സൂചനകൂടിയാണതതെന്നും സണ്ണി ജോസഫ് പറഞ്ഞു.

കോണ്‍ഗ്രസ് വയനാട് വാഗ്ദാനം ചെയ്ത വീടുകള്‍ പൂര്‍ത്തിയാക്കും. ദുരിതബാധിതരെ സഹായിക്കാന്‍ എല്ലാ പിന്തുണയും കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.സംഘടനാപരവും രാഷ്ട്രീയപരവുമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കെപിസിസിയുടെ ദ്വിദിന ലീഡര്‍ഷിപ്പ് ക്യാമ്പ് വയനാട് ബത്തേരിയില്‍ നടക്കുമെന്നും സണ്ണി ജോസഫ് അറിയിച്ചു.