സത്യം മൂടിവെക്കാനാവില്ല; ജയ്ഹിന്ദിന്റെ വായ്മൂടിക്കെട്ടാന്‍ വന്ന റിപ്പോര്‍ട്ടര്‍ ടിവിക്ക് കോടതിയുടെ ‘കനത്ത പ്രഹരം’

Jaihind News Bureau
Saturday, January 3, 2026

ബെംഗളൂരു: അഴിമതിക്കും തട്ടിപ്പിനും എതിരെ ശബ്ദമുയര്‍ത്തുന്ന മാധ്യമങ്ങളുടെ നാവ് അരിഞ്ഞുവീഴ്ത്താമെന്ന റിപ്പോര്‍ട്ടര്‍ ടിവി മാനേജ്മെന്റിന്റെ ധാര്‍ഷ്ട്യത്തിനേറ്റ കനത്ത പ്രഹരമാണ് ബെംഗളൂരു സിറ്റി സിവില്‍ കോടതിയുടെ വിധി. മുട്ടില്‍ മരംമുറിയും മാംഗോ ഫോണ്‍ തട്ടിപ്പും ഉള്‍പ്പെടെയുള്ള വന്‍ അഴിമതികള്‍ ജനങ്ങളിലെത്തിച്ച ജയ്ഹിന്ദ് ടിവി ഉള്‍പ്പെടെയുള്ള മാധ്യമങ്ങളെ നിശബ്ദരാക്കാന്‍ പോയവര്‍ക്ക് ഒടുവില്‍ കോടതിയില്‍ നിന്ന് പിഴയൊടുക്കി തലകുനിച്ച് മടങ്ങേണ്ടി വന്നിരിക്കുന്നു.

മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കാറുള്ള ഒരു ചാനല്‍, സ്വന്തം ഉടമസ്ഥര്‍ക്കെതിരായ അഴിമതി വാര്‍ത്തകള്‍ വരുമ്പോള്‍ മറ്റ് മാധ്യമങ്ങള്‍ക്ക് എതിരെ ‘വാര്‍ത്താ വിലക്ക്’ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത് മാധ്യമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇരട്ടത്താപ്പാണ്. മുട്ടില്‍ മരംമുറി കേസിലും മാംഗോ ഫോണ്‍ തട്ടിപ്പിലും ചാനല്‍ മേധാവികള്‍ക്കെതിരായ തെളിവുകള്‍ പുറത്തുവരുന്നത് ഭയന്നാണ് റിപ്പോര്‍ട്ടര്‍ ടിവി മാനേജ്മെന്റ് ജയ്ഹിന്ദ് ടിവി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഹര്‍ജി നല്‍കിയത്. സ്വന്തം പേരിലുള്ള തട്ടിപ്പുകള്‍ ലോകം അറിയരുത് എന്ന ദുരുദ്ദേശമായിരുന്നു ഇതിന് പിന്നില്‍.

ഹര്‍ജി നല്‍കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ നടപടി ‘ദുരുദ്ദേശപരമാണ്’ എന്ന് കോടതി നിരീക്ഷിച്ചത് സത്യത്തിനുള്ള അംഗീകാരമാണ്. വസ്തുതകള്‍ മറച്ചുവെച്ചും കോടതിയെ തെറ്റിദ്ധരിപ്പിച്ചുമാണ് ഇത്തരമൊരു ഹര്‍ജി നല്‍കിയതെന്ന് കണ്ടെത്തിയ കോടതി, ഹര്‍ജിക്കാര്‍ക്ക് 10,000 രൂപ പിഴ ചുമത്തിയത് അവരുടെ മാദ്ധ്യമത്തിന്റേയും നിലപാടിന്റേയും വിശ്വാസ്യതയ്‌ക്കേറ്റ മങ്ങലായി വേണം കാണാന്‍. പൊതുതാല്‍പ്പര്യമുള്ള വിഷയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ തടയാനാകില്ലെന്ന വിധി, അഴിമതിക്കെതിരായ പോരാട്ടത്തിന് കരുത്തുപകരുന്നതാണ്.

റിപ്പോര്‍ട്ടര്‍ ടിവിയുടെ ഉടമസ്ഥര്‍ ഉള്‍പ്പെട്ട വിവാദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ ജയ്ഹിന്ദ് ടിവിയുടെ വായടപ്പിക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടിയാണ് ഈ വിധി. സ്വന്തം സ്ഥാപനത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ നിയമവ്യവസ്ഥയെ ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ച റിപ്പോര്‍ട്ടര്‍ ടിവി, മാധ്യമ ധാര്‍മ്മികത എന്നൊന്നുണ്ടെന്ന് ഇനിയെങ്കിലും ഓര്‍ക്കണം. തടഞ്ഞുവെച്ച വാര്‍ത്തകള്‍ പുനഃസ്ഥാപിക്കാനുള്ള കോടതി ഉത്തരവ്, സത്യം എത്ര കുഴിച്ചുമൂടിയാലും ഉയിര്‍ത്തെഴുന്നേല്‍ക്കും എന്നതിന്റെ തെളിവാണ്.

ഭീഷണികള്‍ക്കും വിലക്കുകള്‍ക്കും മുന്നില്‍ മുട്ടുമടക്കാതെ, അഴിമതിക്കെതിരായ പോരാട്ടം ജയ്ഹിന്ദ് ടിവി തുടരുക തന്നെ ചെയ്യും. ഈ വിധി സത്യസന്ധമായ മാധ്യമപ്രവര്‍ത്തനത്തിന്റെ വിജയമാണ്; ഒപ്പം, മാധ്യമരംഗത്തെ കളങ്കപ്പെടുത്തുന്ന പ്രവണതകള്‍ക്കുള്ള ശക്തമായ താക്കീതും.