
2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് തന്ത്രങ്ങള്‍ മെനയാന്‍ കോണ്‍ഗ്രസ് നേതൃത്വം വയനാട്ടിലേക്ക്. ‘ലക്ഷ്യം 2026’ എന്ന പേരില്‍ ജനുവരി 4, 5 തീയതികളിലായി സുല്‍ത്താന്‍ ബത്തേരിയിലാണ് പ്രത്യേക നേതൃത്വ ക്യാമ്പ് സംഘടിപ്പിക്കുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
സസ്ഥാനത്തെ പ്രധാനപ്പെട്ട ഇരുന്നൂറോളം നേതാക്കളാണ് ഈ ദ്വിദിന ക്യാമ്പില്‍ പങ്കെടുക്കുന്നത്. എംപിമാര്‍, എംഎല്‍എമാര്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, കെപിസിസി ഭാരവാഹികള്‍ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ സജീവമാകും. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി 2024 ജൂലൈയില്‍ ബത്തേരിയില്‍ വെച്ച് നടത്തിയ ‘മിഷന്‍ 2025’ ക്യാമ്പ് വിജയകരമായിരുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കും ഇതേ വേദി തന്നെ തിരഞ്ഞെടുത്തത്.
ക്യാമ്പിലെ പ്രധാന അജണ്ടകള്‍ ഇവയാണ്. ശബരിമല വിഷയം ഉള്‍പ്പെടെ സര്‍ക്കാരിനെതിരെ ഉയര്‍ത്തിക്കാട്ടേണ്ട രാഷ്ട്രീയ വിഷയങ്ങളും സമരപരിപാടികളും ആദ്യദിനത്തില്‍ ചര്‍ച്ചയാകും. തിരഞ്ഞെടുപ്പ് തന്ത്രങ്ങളാണ് മറ്റൊരു വിഷയം. പ്രചാരണ തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുന്നതോടൊപ്പം ഓരോ ജില്ലയിലെയും രാഷ്ട്രീയ സാഹചര്യം ക്യാമ്പ് വിശദമായി പരിശോധിക്കും. ഇതു കൂടാതെ , സംഘടനാ പുനഃസംവിധാനവും ചര്‍ച്ചയാവും.
രണ്ടാം ദിനത്തില്‍ പാര്‍ട്ടിയിലെ സംഘടനാപരമായ മാറ്റങ്ങളും വെല്ലുവിളികളുമായിരിക്കും ചര്‍ച്ചയാവുക. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച പ്രാഥമിക കൂടിയാലോചനകളും വിശകലനങ്ങളും ക്യാമ്പിന്റെ ഭാഗമായി നടക്കും.