ഇന്‍ഡോര്‍ മലിനജല ദുരന്തം: മരണം 15 ആയി; മുന്നൂറോളം പേര്‍ ആശുപത്രിയില്‍

Jaihind News Bureau
Saturday, January 3, 2026

ഇന്‍ഡോര്‍: രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന ഖ്യാതിയുള്ള ഇന്‍ഡോറില്‍ മലിനജലം ഉള്ളില്‍ച്ചെന്ന് മരിച്ചവരുടെ എണ്ണം 14 ആയി ഉയര്‍ന്നതായി റിപ്പോര്‍ട്ട്. ആറുമാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ 15 പേര്‍ മരിച്ചതായി പ്രദേശവാസികള്‍ പറയുന്നുണ്ടെങ്കിലും, 10 മരണം സ്ഥിരീകരിച്ചതായി ഇന്‍ഡോര്‍ മേയര്‍ പുഷ്യമിത്ര ഭാര്‍ഗവ് അറിയിച്ചു. അതേസമയം നാല് മരണം മാത്രമാണ് ആരോഗ്യവകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്.

ഭഗീരഥ്പുര പോലീസ് ഔട്ട്പോസ്റ്റിന് സമീപത്തെ പ്രധാന കുടിവെള്ള പൈപ്പിലുണ്ടായ ചോര്‍ച്ചയാണ് അപകടത്തിന് കാരണമായത്. പൈപ്പിന് സമീപമുള്ള ശുചിമുറിയിലെ മാലിന്യം കുടിവെള്ളവുമായി കലര്‍ന്നതാണ് സ്ഥിതി വഷളാക്കിയത്. ഇന്‍ഡോര്‍ മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയില്‍ ജലം മലിനമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ഒന്‍പത് ദിവസത്തിനിടെ ഛര്‍ദ്ദിയും വയറിളക്കവും ബാധിച്ച് 1400-ഓളം പേര്‍ ചികിത്സ തേടി. നിലവില്‍ 272 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുകയാണ്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി തുടങ്ങി. അഡീഷണല്‍ കമ്മീഷണര്‍ ഉള്‍പ്പെടെയുള്ളവരെ സ്ഥലം മാറ്റി. കോര്‍പ്പറേഷന്‍ കമ്മീഷണര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രിക്കാനായി മൂന്ന് അഡീഷണല്‍ കമ്മീഷണര്‍മാരെക്കൂടി പുതുതായി നിയോഗിച്ചിട്ടുണ്ട്.