
തൊടുപുഴ: ഇടുക്കി തൊടുപുഴയില്‍ സി.പി.എം ഭരണസമിതിക്ക് കീഴിലുള്ള കാരിക്കോട് സര്‍വീസ് സഹകരണ ബാങ്ക് പിരിച്ചുവിട്ട വിധവയായ ജീവനക്കാരിക്ക് ജോലി നല്കാന് യു.ഡി.എഫ് തീരുമാനം. രാഷ്ട്രീയ പകപോക്കലിന്റെ പേരില്‍ ജോലി നഷ്ടപ്പെട്ട നിസ എന്ന വീട്ടമ്മയ്ക്കാണ് യു.ഡി.എഫ് സഹായഹസ്തവുമായി എത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നിസയുടെ മകന് യു.ഡി.എഫിന് വേണ്ടി പ്രവര്‍ത്തിച്ചു എന്നാരോപിച്ചായിരുന്നു ബാങ്ക് അധികൃതര്‍ ഇവരെ ജോലിയില്‍ നിന്ന് പുറത്താക്കിയത്.
സ്ത്രീ സുരക്ഷയ്ക്കും നീതിക്കും വേണ്ടി വാദിക്കുന്ന സി.പി.എമ്മിന്റെ ഭാഗത്തുനിന്നുണ്ടായ ഈ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഒരു കുടുംബത്തിന്റെ ഏക അത്താണിയായ വിധവയെ രാഷ്ട്രീയ കാരണങ്ങളാല്‍ തെരുവിലിറക്കിയ നടപടി മനുഷ്യാവകാശ ലംഘനമാണെന്ന് യു.ഡി.എഫ് ആരോപിച്ചു. സംഭവത്തെക്കുറിച്ച് ജയ് ഹിന്ദ് ന്യൂസ് കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തുവിട്ടിരുന്നു.
വാര്‍ത്ത സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയായതോടെ സി.പി.എം പ്രതിരോധത്തിലായിരിക്കുകയാണ്. സി.പി.എമ്മിന്റെ സങ്കുചിത രാഷ്ട്രീയത്തിനെതിരെ വ്യാപകമായ ജനരോഷം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നിസയ്ക്ക് ജോലി നല്കാന് യു.ഡി.എഫ് മുന്നോട്ട് വന്നത്. അര്‍ഹമായ നീതിയും തൊഴിലും നിഷേധിക്കപ്പെട്ടവര്‍ക്കൊപ്പം എന്നും യു.ഡി.എഫ് ഉണ്ടാകുമെന്ന് നേതൃത്വം വ്യക്തമാക്കി.