
പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവിനെത്തുടർന്ന് കൈ മുറിച്ചുമാറ്റേണ്ടി വന്ന ഒൻപത് വയസ്സുകാരി വിനോദിനിക്ക് ആശ്വാസമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കുട്ടിക്ക് കൃത്രിമക്കൈ വെച്ചുനൽകുമെന്നും ചികിത്സയുടെ മുഴുവൻ ചെലവുകളും ഏറ്റെടുക്കുമെന്നും അദ്ദേഹം കുടുംബത്തിന് ഉറപ്പുനൽകി. പ്രതിപക്ഷ നേതാവ് നേരിട്ട് വിളിച്ച് സംസാരിച്ചെന്നും ഇത് മകൾക്ക് വലിയ സന്തോഷമായെന്നും വിനോദിനിയുടെ മാതാപിതാക്കൾ പറഞ്ഞു.
പാലക്കാട് പല്ലശനയിലെ ടാർപ്പായ കെട്ടിയ കൂരയിൽ കഴിയുന്ന വിനോദിനിയുടെ കുടുംബം കടുത്ത ദാരിദ്ര്യത്തിലാണ്. കഴിഞ്ഞ സെപ്റ്റംബറിലാണ് കളിക്കുന്നതിനിടെ വീണ് കുട്ടിയുടെ കൈയ്ക്ക് പരുക്കേറ്റത്. ജില്ലാ ആശുപത്രിയിലെ ചികിത്സയിലെ വീഴ്ചയെത്തുടർന്ന് നീർക്കെട്ടുണ്ടാവുകയും കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് കൈ മുറിച്ചുമാറ്റേണ്ടി വരികയുമായിരുന്നു. കടം വാങ്ങിയ പണം കൊണ്ടാണ് മാതാപിതാക്കൾ ഇതുവരെ ചികിത്സ നടത്തിയത്. പ്ലാസ്റ്റിക് സർജറി അടക്കമുള്ള തുടർചികിത്സയ്ക്ക് പണമില്ലാതെ പകച്ചുനിന്ന കുടുംബത്തിന് പ്രതിപക്ഷ നേതാവിന്റെ ഇടപെടൽ വലിയൊരു കൈത്താങ്ങായി.
ഗുരുതരമായ അനാസ്ഥയുണ്ടായിട്ടും രണ്ട് ഡോക്ടർമാരെ സസ്പെൻഡ് ചെയ്തതല്ലാതെ മറ്റു നടപടികളൊന്നും സർക്കാർ ഭാഗത്തുനിന്നുണ്ടായിട്ടില്ല. നഷ്ടപരിഹാരം നൽകാനോ കുടുംബത്തെ സഹായിക്കാനോ അധികൃതർ തയ്യാറാകാത്തതിലും വ്യാപക പ്രതിഷേധമുണ്ട്. ആശുപത്രി അധികൃതരുടെ വീഴ്ചയ്ക്ക് അർഹമായ നഷ്ടപരിഹാരം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് ഈ കുടുംബം.