
തദ്ദേശ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയം അംഗീകരിക്കുന്നതിന് പകരം കുതിരക്കച്ചവടത്തിലൂടെ അധികാരം ഉറപ്പിക്കുവാനുള്ള സിപിഎം നടപടികള്‍ പ്രതിഷേധാര്‍ഹവും തികച്ചും ജനാധിപത്യ വിരുദ്ധവുമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഭരണം പിടിച്ചെടുക്കുന്നതിന് യുഡിഎഫ് സ്വതന്ത്രനായി വിജയിച്ച അംഗത്തെ സിപിഎം വിലയ്‌ക്കെടുത്തത് എങ്ങനെയെന്നത് തെളിവുകള്‍ സഹിതം പുറത്തുവന്നിട്ടുണ്ട്. അധികാര സ്ഥാനവും ലക്ഷകണക്കിന് രൂപയും വാഗ്ദാനം ചെയ്തും, നല്‍കിയും അധികാര തുടര്‍ച്ചയ്ക്ക് വേണ്ടി സിപിഎം നടത്തിയ അധാര്‍മികവും നിയമവിരുദ്ധവുമായ നടപടികള്‍ അവരുടെ ഉന്നത നേതൃത്വത്തിന്റെ അറിവോടും പങ്കാളിത്തത്തോടും കൂടിയാണ് നടന്നിട്ടുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജനവിധിയെ പണം നല്‍കി അട്ടിമറിക്കാനുള്ള സിപിഎം ശ്രമങ്ങള്‍ അഴിമതിയുടെ തുടര്‍ച്ചക്കു വേണ്ടി മാത്രം നടത്തിയിട്ടുള്ളതാണ്. തൃശ്ശൂര്‍ ജില്ലയിലെ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലും കൂറുമാറ്റത്തിനും, കുതിരക്കച്ചവടത്തിനും സിപിഎം നടത്തിയ കുതന്ത്രങ്ങളും കുടിലബുദ്ധിയും അവരുടെ ജനാധിപത്യ ധ്വംസനത്തിന്റെ മറ്റൊരു ഉദാഹരണമാണ്. വടക്കാഞ്ചേരിയിലെ ഗുരുതരമായ കുറ്റകൃത്യത്തില്‍ നേരിട്ടും ഗൂഢാലോചനയിലും പങ്കാളികളായവരെ അറസ്റ്റ് ചെയ്തു നിയമനടപടി സ്വീകരിക്കണം. ഇവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള ധൈര്യം സിപിഎം കാട്ടണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.