സൗദിയില്‍ ഡീസല്‍ വിലയും പാചകവാതക വിലയും കൂട്ടി ; പ്രവാസികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് 2026 ല്‍ സാമ്പത്തിക ഭാരം വര്‍ധിക്കും

Jaihind News Bureau
Friday, January 2, 2026

റിയാദ് : സൗദി അറേബ്യയില്‍ പുതുവര്‍ഷ ആരംഭത്തില്‍ ഡീസല്‍ വിലയും പാചകവാതക വിലയും വര്‍ധിപ്പിച്ചു. ഡീസലിന് 7.8 ശതമാനമാണ് വില വര്‍ധിപ്പിച്ചത്. 11 കിലോഗ്രാം ഗ്യാസ് സിലിണ്ടറിന് 26.23 റിയാലും, 5 കിലോഗ്രാം സിലിണ്ടറിന് 11.93 റിയാലുമാണ് പുതുക്കിയ വില. ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയാണ് വില കൂട്ടിയത്. ഇതോടെ ഡീസല്‍ വില ലിറ്ററിന് 1.79 റിയാലായി. അരാംകോ 2022 മുതല്‍ വര്‍ഷാരംഭത്തില്‍ ഡീസല്‍ വില പുനഃപരിശോധിക്കുന്നത് പതിവാണ്.

2015 വരെ ലിറ്ററിന് 0.25 റിയാലായിരുന്ന ഡീസല്‍ വില. പിന്നീട് ഘട്ടംഘട്ടമായി ഉയര്‍ത്തുകയായിരുന്നു. വാര്‍ഷിക പുനഃപരിശോധനയിലെ അഞ്ചാമത്തെ വില പുതുക്കലാണിത്. ഗതാഗതച്ചെലവും മൂല്യവര്‍ധിത നികുതിയും ഉള്‍പ്പെടുത്തിയതാണ് ഈ നിരക്കുകള്‍. ഇതോടെ, പ്രവാസികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഈ വര്‍ഷം സൗദിയില്‍ ജീവിത ഭാരവും സാമ്പത്തിക ഭാരവും വര്‍ധിക്കും.

REPORT : ELVIS CHUMAMR- JAIHIND TV MIDDLE EAST BUREAU