
തൊടുപുഴ: മകന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ അമ്മയെ സഹകരണ ബാങ്കിലെ ജോലിയില്‍ നിന്ന് ഒഴിവാക്കിയതായി പരാതി. തൊടുപുഴ കാരിക്കോട് സര്‍വീസ് സഹകരണ ബാങ്കിലെ സ്വീപ്പര്‍ നിസ ഷിയാസിനെയാണ് സിപിഎം നിയന്ത്രണത്തിലുള്ള ഭരണസമിതി പിരിച്ചുവിട്ടത്.
അഞ്ച് വര്‍ഷമായി ബാങ്കില്‍ ജോലി ചെയ്തുവരികയായിരുന്നു നിസ. പ്രതിമാസം 5,000 രൂപയാണ് ശമ്പളം. തൊടുപുഴ നഗരസഭ 21-ാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ വിഷ്ണു കോട്ടപ്പുറത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിസയുടെ 16 വയസ്സുള്ള മകന്‍ പങ്കെടുത്തിരുന്നു. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചതിന് പിന്നാലെയാണ് ജോലിയില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് നിസയുടെ ആരോപണം.
ഡിസംബര്‍ 31 വരെ മാത്രമേ ജോലിക്ക് വരേണ്ടതുള്ളുവെന്ന് ഡിസംബര്‍ 28-ന് ബാങ്ക് അധികൃതര്‍ അറിയിച്ചതായും, തുടര്‍ന്ന് സിപിഎം നേതൃത്വത്തെ സമീപിച്ചെങ്കിലും തീരുമാനം മാറ്റമില്ലായിരുന്നുവെന്നും നിസ പറഞ്ഞു. ജനുവരി ഒന്നിന് ജോലിക്ക് എത്തേണ്ടതില്ലെന്ന് ‘പാര്‍ട്ടി തീരുമാനമാണെന്ന്’ അറിയിച്ചുവെന്നും അവര്‍ ആരോപിക്കുന്നു.