എസ്.ഐ.ആര്‍ കരട് പട്ടിക: 14.5 ലക്ഷം പേര്‍ക്ക് ഹിയറിങ് നോട്ടീസ്; വോട്ടര്‍മാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Jaihind News Bureau
Friday, January 2, 2026

എസ്.ഐ.ആര്‍ കരട് പട്ടികയില്‍ ഉള്‍പ്പെട്ട പതിനാലര ലക്ഷത്തോളം വോട്ടര്‍മാര്‍ക്ക് വിവരങ്ങള്‍ ബോധ്യപ്പെടുത്തുന്നതിനായി ഹിയറിങ് നോട്ടീസ് നല്‍കിത്തുടങ്ങുന്നു. ഇതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തില്‍ വിപുലമായ നടപടികളാണ് പൂര്‍ത്തിയായിരിക്കുന്നത്. ഓരോ വോട്ടര്‍മാരുടെയും വീടുകളില്‍ ബി.എല്‍.ഒമാര്‍ നേരിട്ടെത്തി നോട്ടീസ് കൈമാറും. നോട്ടീസിന്റെ പകര്‍പ്പ് വോട്ടര്‍ക്ക് നല്‍കിയ ശേഷം അസല്‍ നോട്ടീസില്‍ ബി.എല്‍.ഒമാര്‍ വോട്ടറുടെ ഒപ്പ് വാങ്ങി സൂക്ഷിക്കും.

ഹിയറിങ്ങിനായി ഹാജരാകാന്‍ ഓരോ വോട്ടര്‍ക്കും രണ്ടു മുതല്‍ മൂന്നാഴ്ച വരെ സമയമാണ് അനുവദിച്ചിരിക്കുന്നത്. ഹിയറിങ് സമയത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള 13 തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്ന് ഹാജരാക്കണം. എന്നാല്‍, 1987-നും 2004-നും ഇടയില്‍ ജനിച്ചവരാണെങ്കില്‍ തങ്ങളുടെ തിരിച്ചറിയല്‍ രേഖകള്‍ക്ക് പുറമെ മാതാപിതാക്കളുടെ രേഖകള്‍ കൂടി നിര്‍ബന്ധമായും സമര്‍പ്പിക്കേണ്ടതുണ്ട്.

2002-ലെ വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൃത്യമായി നല്‍കാതിരുന്നവരെയും രേഖകളില്‍ പൊരുത്തക്കേടുകള്‍ ഉള്ളവരെയുമാണ് ഹിയറിങ്ങിനായി വിളിക്കുന്നത്. പട്ടികയിലെ വിവരങ്ങള്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. കൃത്യമായ രേഖകളുമായി നിശ്ചിത സമയത്തിനുള്ളില്‍ ഹിയറിങ്ങിന് ഹാജരാകാത്ത പക്ഷം വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ പരിഹരിക്കുന്നതില്‍ തടസ്സമുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.