
പുന്നയൂര്‍ പഞ്ചായത്തിലെ അകലാടി മുനൈനി നിവാസികള്‍ക്ക് ഈ പുതുവര്‍ഷം പ്രതീക്ഷകളുടെയും സ്വപ്നസാഫല്യത്തിന്റേതുമായി മാറി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ‘ഗാന്ധിഗ്രാമം’ പദ്ധതിയുടെ പതിനാറാം വാര്‍ഷികത്തിന് ആതിഥ്യമരുളിയ അകലാടി ഗ്രാമം, നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്കും ക്ഷേമ പദ്ധതികള്‍ക്കുമാണ് പുതുവര്‍ഷ പുലരിയില്‍ സാക്ഷ്യം വഹിച്ചത്.
രാവിലെ ഒന്‍പതു മണിയോടെ ഗ്രാമത്തിലെത്തിയ രമേശ് ചെന്നിത്തലയെ പാരമ്പര്യ കലാരൂപങ്ങളുടെയും ഘോഷയാത്രയുടെയും അകമ്പടിയോടെയാണ് ഗ്രാമവാസികള്‍ സ്വീകരിച്ചത്. ഗ്രാമത്തിലെ മുതിര്‍ന്ന അംഗമായ യശോദാമ്മ അദ്ദേഹത്തെ എതിരേല്‍ക്കുകയും ചെന്നിത്തലയുടെ സാന്നിധ്യത്തില്‍ വിളക്കു കൊളുത്തി വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം ഗ്രാമവാസികള്‍ക്കൊപ്പം പ്രഭാതഭക്ഷണത്തില്‍ പങ്കുചേര്‍ന്നു.

ഗ്രാമത്തിന്റെ ചിരകാല സ്വപ്നമായ കമ്മ്യൂണിറ്റി സെന്റര്‍ എന്ന ആവശ്യം ചെന്നിത്തല വേദിയില്‍ വെച്ചുതന്നെ ജെബി മേത്തര്‍ എം.പിയെ വിളിച്ചു ധരിപ്പിച്ചു. എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ ഇതിനായി അനുവദിക്കുമെന്ന് ജെബി മേത്തര്‍ ഉറപ്പുനല്‍കി. കൂടാതെ, സ്വന്തമായി വീടില്ലാത്ത മിനി ദുഷ്യന്തന് ഗാന്ധിഗ്രാമം ഫണ്ടില്‍ നിന്ന് വീട് നിര്‍മ്മിച്ചു നല്‍കാനും, ഹൃദ്രോഗബാധിതയായ സന്ധ്യയ്ക്ക് അമൃത ആശുപത്രിയില്‍ സൗജന്യ ബൈപാസ് ശസ്ത്രക്രിയ ലഭ്യമാക്കാനും തീരുമാനമായി. ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന ആദിത്യയ്ക്ക് വീല്‍ചെയറും തുടര്‍ചികിത്സയ്ക്കുള്ള സൗകര്യവും ഉറപ്പാക്കി.
വിദ്യാര്‍ത്ഥികള്‍ക്കായി പത്തു സൈക്കിളുകളും മൂന്നു ലാപ്ടോപ്പുകളും വിതരണം ചെയ്യാന്‍ തീരുമാനിച്ച അദ്ദേഹം, കോളനി നിവാസികള്‍ക്കായി അമൃത ആശുപത്രിയുടെ സമ്പൂര്‍ണ്ണ മെഡിക്കല്‍ ക്യാമ്പും പ്രഖ്യാപിച്ചു. ഗ്രാമത്തിലെ തകര്‍ന്ന വീടുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി സബ് കമ്മിറ്റി രൂപീകരിച്ചു. കോളനിയിലെ അനന്തന് കുലത്തൊഴിലിനാവശ്യമായ ഉപകരണങ്ങള്‍ വാങ്ങാന്‍ 10,000 രൂപയും അനുവദിച്ചു.

ഗ്രാമത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും 2000 രൂപ വീതം സഹായധനം നല്കിയ ചെന്നിത്തല, പുരുഷന്മാര്ക്ക് ബാലരാമപുരം കൈത്തറി മുണ്ടുകളും സ്ത്രീകള്‍ക്ക് സെറ്റ് സാരികളും സമ്മാനിച്ചു. ഇതിനുപുറമെ ഓരോ വീടിനും കിടക്കവിരികളും തലയിണകളും വിതരണം ചെയ്തു. കുടിവെള്ള ക്ഷാമം, സിസിടിവി ക്യാമറകള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹരിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. വൈകുന്നേരം ഫോക്ലോര് അക്കാദമിയുടെ കലാപരിപാടികള്‍ ആസ്വദിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.