
ഫരീദാബാദ്: ഫരീദാബാദില്‍ നടന്ന കൂട്ടബലാത്സംഗത്തില്‍ അതിജീവിതയായ യുവതിക്ക് ഗുരുതര പരിക്കേറ്റതായി ഡോക്ടര്‍മാര്‍ അറിയിച്ചു. യുവതിയുടെ ഒരു കണ്ണ് പൂര്‍ണമായും തകര്‍ന്ന നിലയിലാണെന്നും, തലയ്ക്കും ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നും മെഡിക്കല്‍ സംഘം വ്യക്തമാക്കി. പീഡനത്തെ എതിര്‍ത്തപ്പോഴാണ് പ്രതികള്‍ യുവതിയെ അതിക്രൂരമായി മര്‍ദ്ദിച്ചതെന്നാണ് വിവരം. മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ചുണ്ടായ പരിക്കുകളും ശരീരത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ജീവന് ഭീഷണിയില്ലെങ്കിലും ആരോഗ്യനില ഗുരുതരമാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് പ്രതികള്‍ ഉപയോഗിച്ച വാന്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. തിങ്കളാഴ്ച രാത്രി സെക്ടര്‍ 23ലെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് മടങ്ങി വരുന്നതിനിടെയാണ് സംഭവം. കല്യാണ്‍പുരിയിലെ മെട്രോ ചൗക്കില്‍ വാഹനം കാത്തുനില്‍ക്കുമ്പോള്‍ വാനിലെത്തിയ രണ്ട് പേര്‍ ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് യുവതിയെ വാഹനത്തിലേക്ക് കയറ്റുകയായിരുന്നു. തുടര്‍ന്ന് വാഹനം ഗുരുഗ്രാമിലേക്ക് തിരിച്ച്, ഒരു കുന്നിന്‍ പ്രദേശത്ത് വെച്ച് യുവതിയെ പ്രതികള്‍ ക്രൂരമായി പീഡിപ്പിച്ചു. ഓടിക്കൊണ്ടിരുന്ന വാനിനുള്ളിലും ബലാത്സംഗം തുടരുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ഏകദേശം രണ്ടര മണിക്കൂറോളം യുവതിയുമായി വാന്‍ സഞ്ചരിച്ച ശേഷം പുലര്‍ച്ചെ മൂന്ന് മണിയോടെ എസ്ജിഎം നഗറിലെ രാജ ചൗക്കിന് സമീപത്ത് യുവതിയെ റോഡിലേക്ക് വലിച്ചെറിഞ്ഞതായി പൊലീസ് വ്യക്തമാക്കി. മുഖത്ത് ഗുരുതര പരിക്കുകളോടെ രക്തസ്രാവം ഉണ്ടായ നിലയിലായിരുന്നു യുവതിയെ കണ്ടെത്തിയത്.
സംഭവത്തിന് പിന്നാലെ യുവതി സഹോദരിയെ പലതവണ വിളിച്ചെങ്കിലും ആദ്യം ഫോണ്‍ ബന്ധപ്പെടാനായില്ല. പിന്നീട് സഹോദരി തിരികെ വിളിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കുടുംബാംഗങ്ങള്‍ സ്ഥലത്തെത്തി യുവതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ മുഖത്ത് 12 തുന്നലുകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.