
കൊല്ലം: ശബരിമല ധര്‍മ്മശാസ്താവിന്റെ സന്നിധിയില്‍ ദേവസ്വം ഉദ്യോഗസ്ഥരും ഇടനിലക്കാരും ചേര്‍ന്ന് നടത്തിയത് സമാനതകളില്ലാത്ത തീവെട്ടിക്കൊള്ളയെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കേസില്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണന് പോറ്റി, ഗോവര്ദ്ധന്, പങ്കജ് ഭണ്ഡാരി എന്നിവരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എസ്ഐടി ഉദ്യോഗസ്ഥന് എസ്. ശശിധരന് കൊല്ലം വിജിലന്‍സ് കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിലാണ് വിശ്വാസികളെ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. ദ്വാരപാലക ശില്പങ്ങളില് നിന്ന് മാത്രമല്ല, ശ്രീകോവിലിനുള്ളിലെ അതിപാവനമായ ഭാഗങ്ങളില്‍ നിന്നുപോലും വന്‍തോതില്‍ സ്വര്‍ണ്ണം കവര്‍ന്നതായാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്.
ശ്രീകോവിലിന്റെ കട്ടിളപ്പാളിയില്‍ ഘടിപ്പിച്ചിരുന്ന ദശാവതാരങ്ങള്‍ ആലേഖനം ചെയ്ത പാളികള്‍, രാശിചിഹ്നങ്ങള്‍ പതിപ്പിച്ച പ്ലേറ്റുകള്‍ എന്നിവയ്ക്ക് പുറമെ, കട്ടിളയ്ക്ക് മുകളിലുള്ള ശിവരൂപവും വ്യാളീരൂപവും അടങ്ങിയ പ്രഭാമണ്ഡലത്തിലെ സ്വര്‍ണ്ണപ്പാളികളും പ്രതികള്‍ ഇളക്കിമാറ്റിയിട്ടുണ്ട്. ദ്വാരപാലക ശില്പങ്ങളില് നിന്നും കട്ടിളപ്പാളിയില്‍ നിന്നും മാത്രം സ്വര്‍ണ്ണം നഷ്ടപ്പെട്ടുവെന്നായിരുന്നു ആദ്യ നിഗമനമെങ്കിലും, ശ്രീകോവിലിന്റെ ഓരോ പ്രധാന കേന്ദ്രങ്ങളിലും പ്രതികള്‍ കൈവെച്ചതായാണ് നിലവിലെ കണ്ടെത്തല്‍. വരും ദിവസങ്ങളില്‍ വി.എസ്.എസ്.സി ശാസ്ത്രീയ പരിശോധനാ ഫലം പുറത്തുവരുന്നതോടെ കൊള്ളയുടെ യഥാര്‍ത്ഥ വ്യാപ്തി ഇനിയും ഉയരുമെന്ന് എസ്ഐടി കോടതിയെ അറിയിച്ചു.
അന്വേഷണ റിപ്പോര്‍ട്ടിലെ കണക്കുകള്‍ പ്രകാരം, 2019 ജൂലൈ 19, 20 തീയതികളിലായാണ് ദ്വാരപാലക ശില്പങ്ങളിലെയും പില്ലര്‍ പ്ലേറ്റുകളിലെയും സ്വര്‍ണ്ണപ്പാളികള്‍ ഇളക്കിയെടുത്തത്. ഇത്തരത്തില്‍ വേര്‍തിരിച്ചെടുത്ത സ്വര്‍ണ്ണത്തില്‍ നിന്ന് ഒരു ഭാഗം പണിക്കൂലിയായി ‘സ്മാര്‍ട്ട് ക്രിയേഷന്‍സ്’ എന്ന സ്ഥാപനം കൈക്കലാക്കി. ബാക്കിയുള്ള സ്വര്‍ണ്ണം ബെല്ലാരിയിലെ ജ്വല്ലറി ഉടമയായ ഗോവര്ദ്ധന് കൈമാറുകയായിരുന്നു. പരിശോധനയില്‍ ഗോവര്‍ദ്ധന്റെ പക്കല്‍ നിന്ന് 474.96 ഗ്രാം സ്വര്‍ണ്ണവും പങ്കജ് ഭണ്ഡാരിയില്‍ നിന്ന് 109.243 ഗ്രാം സ്വര്‍ണ്ണവും പോലീസ് കണ്ടുകെട്ടിയിട്ടുണ്ട്. ഭക്തരുടെ കാണിക്കപ്പണം കൊണ്ട് നിര്‍മ്മിച്ച പുണ്യസങ്കേതങ്ങളെ ഇത്രത്തോളം ഹീനമായി കൊള്ളയടിക്കാന്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തത് അത്യന്തം ഗൗരവകരമാണെന്ന് റിപ്പോര്‍ട്ട് അടിവരയിടുന്നു.