
ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് ചെയ്ത രണ്ട് രോഗികള്‍ മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബങ്ങള്‍ രംഗത്ത്. കായംകുളം സ്വദേശി മജീദ് (52), ഹരിപ്പാട് സ്വദേശി രാമചന്ദ്രന്‍ (60) എന്നിവരാണ് മരിച്ചത്. ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റില്‍ നിന്നേറ്റ അണുബാധയാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആക്ഷേപം.
കഴിഞ്ഞ 29-ാം തീയതി ആശുപത്രിയില്‍ ഡയാലിസിസിന് വിധേയരായ 26 രോഗികളില്‍ 6 പേര്‍ക്ക് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നു. ഇതില്‍ ചികിത്സയിലായിരുന്ന രണ്ട് പേരാണ് മരണപ്പെട്ടത്. സംഭവത്തെത്തുടര്‍ന്ന് ആശുപത്രിയിലെ ഡയാലിസിസ് ഉപകരണങ്ങളും ഉപയോഗിക്കുന്ന വെള്ളവും പ്രാഥമിക പരിശോധനയ്ക്ക് വിധേയമാക്കി.
നിലവില്‍ പരിശോധിച്ച സാമ്പിളുകള്‍ അണുവിമുക്തമാണെന്നാണ് ആശുപത്രി സൂപ്രണ്ട് ഡോ. അരുണ്‍ ജേക്കബിന്റെ വിശദീകരണം. എങ്കിലും മരണകാരണത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി സ്രവങ്ങളും മറ്റും വിദഗ്ധ പരിശോധനയ്ക്കായി അയക്കുമെന്നും അദ്ദേഹം അറിയിച്ചു.