താമരശ്ശേരിയില്‍ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റിന് തീപിടിച്ചു; വന്‍ നാശനഷ്ടം

Jaihind News Bureau
Thursday, January 1, 2026

കോഴിക്കോട്: താമരശ്ശേരി എലോക്കരയില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ ഫാക്ടറിയില്‍ പുലര്‍ച്ചെയുണ്ടായ വന്‍ തീപിടിത്തത്തില്‍ മൂന്നുനില കെട്ടിടവും പ്ലാന്റും പൂര്‍ണ്ണമായും കത്തിനശിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 3.30 ഓടെയാണ് സംഭവം. നരിക്കുനി, മുക്കം, വെള്ളിമാടുകുന്ന് എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി മണിക്കൂറുകളായി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

ഫാക്ടറിക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന പിക്ക് അപ്പ് വാനും അഗ്‌നിക്കിരയായിട്ടുണ്ട്. പ്ലാന്റിനോട് ചേര്‍ന്നുള്ള മാലിന്യക്കൂമ്പാരത്തിലേക്ക് തീ പടര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി. അപകടസമയത്ത് ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നില്ലെങ്കിലും സമീപത്തെ താമസസ്ഥലത്തുണ്ടായിരുന്ന തൊഴിലാളികളെ ഉടന്‍ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഷോര്‍ട്ട് സര്‍ക്യൂട്ടാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ തീപിടിത്തത്തിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല.