
പുതുവര്‍ഷത്തെ പുതുമകളോടെ വരവേല്‍ക്കാന്‍ യുഎഇ ഒരുങ്ങി. ഇതില്‍ ദുബായില്‍ മാത്രം 40 ഇടങ്ങളിലായി 48 വെടിക്കെട്ടുകള്‍ നടക്കും. ലോകാത്ഭുതമായ ദുബായ് ബുര്‍ജ് ഖലീഫയിലെ വെടിക്കെട്ട് കാണാനെത്തുന്നവരുടെ തിരക്ക് കണക്കിലെടുത്ത് വന്‍ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി കഴിഞ്ഞു.
റോഡ് , മെട്രോ സര്‍വീസുകള്‍ക്ക് നിയന്ത്രണം തുടങ്ങി. ദുബായ് ബുര്‍ജ് അല്‍ അറബ്, ഗ്ലോബല്‍ വില്ലേജ്, പാം ജുമൈറ, അറ്റ്ലാന്റിസ് ദ് പാം, അറ്റ്ലാന്റിസ് ദ് റോയല്‍, ബ്ലൂവാട്ടേഴ്സ് ആന്‍ഡ് ജെബിആര്‍, ഐന്‍ ദുബായ്, ദുബായ് ഫ്രെയിം, ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാള്‍, അല്‍ സീഫ്, ദുബായ് ക്രീക്ക് ഹാര്‍ബര്‍, എക്സ്പോ സിറ്റി ദുബായ് , ഹത്ത, ദുബായ് പാര്‍ക്സ് ആന്‍ഡ് റിസോര്‍ട്സ് എന്നിവിടങ്ങളില്‍ ഗംഭീര വെടിക്കെട്ട് നടക്കും. കൂടാതെ, അബുദാബി അല്‍വത്ബ ഷെയ്ഖ് സായിദ് ഫെസ്റ്റിവലില്‍ , ഒരു മണിക്കൂറിലേറെ നീളുന്ന വെടിക്കെട്ട് സംഘടിപ്പിക്കും. യുഎഇയിലെ വടക്കന്‍ നഗരമായ റാസല്‍ഖൈമയില്‍ 6 കിലോമീറ്റര്‍ നീളത്തില്‍, തുടര്‍ച്ചയായ 15 മിനിറ്റ് നീളുന്ന കരിമരുന്ന് പ്രയോഗം നടക്കും. ഇപ്രകാരം ഈ പുതുവര്‍ഷത്തില്‍ യുഎഇയില്‍ വിവിധ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുകളും പിറക്കുമെന്ന് അധികൃതര്‍ പറഞ്ഞു.