
ലോകം 2026-നെ വരവേറ്റു. പസഫിക് സമുദ്രത്തിലെ വിദൂര ദ്വീപ് രാഷ്ട്രമായ കിരിബാത്തിയിലാണ് ലോകത്ത് ആദ്യമായി പുതുവത്സരം പിറന്നത്. കിരിബാത്തിയുടെ ഭാഗമായ കിരിതിമാറ്റി (ക്രിസ്മസ് ഐലന്‍ഡ്) ദ്വീപിലാണ് ആഗോളതലത്തില്‍ ആദ്യം 12 മണി രേഖപ്പെടുത്തിയത്. ഹവായിക്ക് തെക്ക് കിഴക്കായും ഓസ്ട്രേലിയക്ക് വടക്ക് കിഴക്കായും സ്ഥിതി ചെയ്യുന്ന ഈ പ്രദേശം 1979-ലാണ് ബ്രിട്ടണില്‍ നിന്നും സ്വാതന്ത്ര്യം നേടിയത്. ഏകദേശം 1.16 ലക്ഷം ജനങ്ങളാണ് ഇവിടെ അധിവസിക്കുന്നത്.
കിരിബാത്തിക്ക് തൊട്ടുപിന്നാലെ ന്യൂസിലന്‍ഡിന്റെ ഭാഗമായ ചാഥം ദ്വീപുകളിലും പുതുവര്‍ഷമെത്തി. വെറും അറുന്നൂറോളം ആളുകള്‍ മാത്രം താമസിക്കുന്ന ഈ ദ്വീപ് സമൂഹത്തില്‍ വലിയ ആഘോഷങ്ങളാണ് നടക്കുന്നത്. തുടര്‍ന്ന് ഓസ്ട്രേലിയ, ജപ്പാന്, ചൈന എന്നീ രാജ്യങ്ങളിലൂടെ കടന്ന് പുതുവര്‍ഷം ഇന്ത്യയിലെത്തും. ലോകത്ത് ഏറ്റവും ഒടുവില്‍ പുതുവര്‍ഷം എത്തുന്നത് യു.എസിന്റെ അധീനതയിലുള്ളതും ജനവാസമില്ലാത്തതുമായ ബേക്കര്‍ ദ്വീപിലായിരിക്കും.
അതേസമയം, പുതുവത്സരത്തെ വരവേല്‍ക്കാന്‍ കേരളത്തിലും വിപുലമായ ഒരുക്കങ്ങളാണ് പൂര്‍ത്തിയായിരിക്കുന്നത്. കൊച്ചിയിലെ പ്രശസ്തമായ ഫോര്‍ട്ട് കൊച്ചി കാര്‍ണിവല്‍ ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ബീച്ചുകളിലേക്കും നഗരങ്ങളിലെ മാളുകളിലേക്കും ജനങ്ങള്‍ കൂട്ടമായി ഒഴുകുകയാണ്. തിരക്ക് നിയന്ത്രിക്കുന്നതിനും ആഘോഷങ്ങള്‍ സുരക്ഷിതമാക്കുന്നതിനുമായി കനത്ത പോലീസ് സുരക്ഷയാണ് സംസ്ഥാനത്തുടനീളം ഏര്‍പ്പെടുത്തിയിരിക്കുന്നത്.