
കേരളത്തിൽ ആൾക്കൂട്ട അക്രമങ്ങളും കൊലപാതകങ്ങളും അവസാനിക്കാതെ തുടരുന്നത് ഒറ്റപ്പെട്ട സംഭവങ്ങളായി മാത്രം കാണാനാകില്ല. മധുവിന്റെ കൊലപാതകം ഒരുകാലത് സംസ്ഥാനത്തെ നടുക്കിയെങ്കിലും ആ സംഭവത്തിൽ നിന്നുള്ള പാഠങ്ങൾ സമൂഹം പൂർണമായി ഉൾക്കൊണ്ടോയെന്ന ചോദ്യമാണ് ഇപ്പോൾ വാളയാർ ആൾക്കൂട്ട കൊലപാതകവും കോഴിക്കോട് നടന്ന ആൾക്കൂട്ട മർദ്ദനവുമൊക്കെ നമ്മോട് ചോദിക്കുന്നത്.
ആൾക്കൂട്ട ആക്രമണങ്ങളുടെ പൊതുസ്വഭാവം ശ്രദ്ധേയമാണ്. ചെറിയ തർക്കങ്ങൾ, സംശയങ്ങൾ, അല്ലെങ്കിൽ ആരോപണങ്ങൾ ഇവയൊക്കെ നിയമസംവിധാനത്തെ സമീപിക്കാതെ, ഉടനടി ‘ശിക്ഷ’ നടപ്പാക്കാനുള്ള മനോഭാവത്തിലേക്ക് മാറുകയാണ്. ഇത് നിയമവ്യവസ്ഥയുടെ പരാജയം മാത്രമല്ല, സമൂഹത്തിന്റെ നീതിന്യായബോധം തന്നെ അപകടകരമായ വഴിയിലേക്ക് വഴുതുന്നുവെന്ന സൂചനയാണ്.
സിസിടിവി ദൃശ്യങ്ങളും മൊബൈൽ വീഡിയോകളും വ്യാപകമായ ഈ കാലഘട്ടത്തിൽ പോലും, ആൾക്കൂട്ടങ്ങൾ ഭയമില്ലാതെ ആക്രമണം നടത്തുന്നത് ശിക്ഷ ഉറപ്പാകുമെന്ന വിശ്വാസം കുറയുന്നതിന്റെ പ്രതിഫലനമായി കണക്കാക്കാവുന്നതാണ്. അന്വേഷണം നീളുന്നതും, കേസുകൾ വർഷങ്ങളോളം കോടതികളിൽ കുടുങ്ങുന്നതും, പലപ്പോഴും കുറ്റക്കാർ ശിക്ഷയിൽ നിന്ന് ഒഴിഞ്ഞുമാറുന്നതുമാണ് ഈ മനോഭാവത്തിന് പിന്നിലെ പ്രധാന ഘടകങ്ങളായി മനസ്സിലാക്കാവുന്നത്.
ഇതിനിടെയാണ് ഇപ്പോൾ കോഴിക്കോട് ജില്ലയിൽ ഗുഡ്സ് ഓട്ടോ ഡ്രൈവർക്കു നേരെ ആൾക്കൂട്ട മർദനമുണ്ടായെന്ന പരാതി പുറത്തുവരുന്നത്. ഗുഡ്സ് ഓട്ടോറിക്ഷ ബൈക്കിൽ തട്ടിയെന്ന ആരോപണത്തെ തുടർന്നായിരുന്നു മർദനം. സംഭവം ഒരു വ്യക്തിഗത തർക്കമായി തുടങ്ങിയെങ്കിലും, അത് കൂട്ടാക്രമണമായി മാറിയതെന്ന വസ്തുതയാണ് ഇവിടെ പ്രസക്തം. മാനസിക പ്രശ്നങ്ങൾക്ക് ചികിത്സ തേടിയിരുന്നയാളാണ് ആക്രമിക്കപ്പെട്ടതെന്ന ബന്ധുക്കളുടെ വെളിപ്പെടുത്തൽ ആൾക്കൂട്ട അക്രമങ്ങൾ എത്രമാത്രം അനിയന്ത്രിതവമാണെന്ന് വീണ്ടും ചൂണ്ടിക്കാണിക്കുന്നു.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ, കേരള സമൂഹം നേരിടുന്നത് നിയമപരമായ പ്രതിസന്ധിയേക്കാൾ വലിയൊരു സാമൂഹിക പരീക്ഷണമാണ്. ആൾക്കൂട്ട അക്രമങ്ങൾ ഓരോ തവണയും വിളിച്ചു ചോദിക്കുന്ന മൂർച്ചയേറിയ ചോദ്യം നിയമം എത്ര ശക്തമാണെന്നല്ല അതിനെ വിശ്വസിക്കാൻ സമൂഹം തയ്യാറാണോ എന്നതാണ്. ആ വിശ്വാസം വീണ്ടെടുക്കാൻ കഴിയുമോയെന്നതാണ്ഇനി കേരളം അഭിമുഖീകരിക്കേണ്ട ഏറ്റവും നിർണായകമായ മറ്റൊരു ചോദ്യം.