
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് വിവാദപരമായ പ്രസംഗം നടത്തിയെന്ന പരാതിയിൽ സിപിഎം നേതാവ് എം. സ്വരാജിനെതിരെ കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിപ്പോർട്ട് തേടി. പ്രസംഗം മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നതും അടിസ്ഥാനരഹിതവുമാണെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ നൽകിയ ഹർജിയിലാണ് കോടതിയുടെ ഈ നീക്കം. പരാതിയിൽ കഴമ്പുണ്ടോ എന്ന് പരിശോധിച്ച ശേഷം റിപ്പോർട്ട് സമർപ്പിക്കാൻ പോലീസിന് കോടതി നിർദ്ദേശം നൽകി.
2018-ൽ കേരളത്തിലുണ്ടായ മഹാപ്രളയത്തെയും ശബരിമലയിലെ ആചാരങ്ങളെയും ബന്ധിപ്പിച്ച് സ്വരാജ് നടത്തിയ പ്രസംഗമാണ് പരാതിക്ക് ആധാരം. മാളികപ്പുറത്തമ്മയുടെ കണ്ണുനീരാണ് പ്രളയമായി നദികളിലൂടെ ഒഴുകിവന്നതെന്നും, അയ്യപ്പന്റെ ബ്രഹ്മചര്യം അവസാനിച്ചുവെന്നും തുടങ്ങിയ പരിഹാസരൂപേണയുള്ള വാചകങ്ങൾ സ്വരാജ് പ്രസംഗത്തിൽ ഉൾപ്പെടുത്തിയിരുന്നതായി ഹർജിക്കാരൻ ആരോപിക്കുന്നു. ഈ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങളും തെളിവായി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
വിഷയത്തിൽ കൊല്ലം വെസ്റ്റ് എസ്എച്ച്ഒയ്ക്കും സിറ്റി പോലീസ് കമ്മീഷണർക്കും നേരത്തെ പരാതി നൽകിയിരുന്നെങ്കിലും കേസ് രജിസ്റ്റർ ചെയ്യാൻ പോലീസ് തയ്യാറായിരുന്നില്ലെന്ന് വിഷ്ണു സുനിൽ പറഞ്ഞു. ഇതേത്തുടർന്നാണ് കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. വിശ്വാസികളെയും ആചാരങ്ങളെയും പരസ്യമായി അധിക്ഷേപിക്കുന്ന നിലപാടാണ് സ്വരാജ് സ്വീകരിച്ചതെന്നും പരാതിയിൽ വ്യക്തമാക്കുന്നു.