‘മുന്നണിയിൽ സിപിഎം ഏകാധിപത്യം; മുഖ്യമന്ത്രിയെ തിരുത്താൻ ആളില്ല’; തുറന്നടിച്ച് സിപിഐ

Jaihind News Bureau
Wednesday, December 31, 2025

എൽഡിഎഫ് സർക്കാരിലും മുന്നണിയിലും സിപിഎം ഏകാധിപത്യം പുലർത്തുകയാണെന്ന് സിപിഐ സംസ്ഥാന കൗൺസിലിൽ രൂക്ഷവിമർശനം. നയപരമായ വിഷയങ്ങളിൽ പോലും ഘടകകക്ഷികളുമായി ആലോചിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നുവെന്നാണ് കൗൺസിലിൽ ഉയർന്ന പ്രധാന പരാതി. പി.എം. ശ്രീ  പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങളും വാർഡ് വിഭജനവും ഇതിന് ഉദാഹരണങ്ങളായി ജില്ലാ സെക്രട്ടറിമാർ ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പ് പരാജയത്തേക്കാൾ പ്രധാനം ഇടതുപക്ഷ മൂല്യങ്ങളിൽ നിന്ന് പാർട്ടി വ്യതിചലിക്കുന്നതാണെന്ന് സിപിഐ വിലയിരുത്തി. ഭരണപരമായ കാര്യങ്ങൾ ഒരാൾ മാത്രം തീരുമാനിക്കുന്ന രീതിയിലേക്ക് മാറിയെന്നും, മുഖ്യമന്ത്രിക്ക് തെറ്റുകൾ സംഭവിച്ചാൽ അത് തിരുത്താൻ സിപിഎമ്മിലോ മുന്നണിയിലോ സംവിധാനങ്ങളില്ലെന്നും ജില്ലാ സെക്രട്ടറിമാർ കുറ്റപ്പെടുത്തി. ഈ പ്രവണത മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന മുന്നറിയിപ്പും കൗൺസിലിലുണ്ടായി.

മുന്നണി യോഗങ്ങൾ ജില്ലകളിൽ പോലും കൃത്യമായി ചേരുന്നില്ലെന്നും സിപിഎമ്മിന്റെ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുകയാണെന്നും വിമർശനമുയർന്നു. സാമുദായിക നേതാക്കളുമായി പരിധിവിട്ട രീതിയിൽ സൗഹൃദം സ്ഥാപിച്ചത് തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയുണ്ടാക്കി. ജനകീയ വിഷയങ്ങളിൽ കൂടിയാലോചനകൾ ഒഴിവാക്കി മുന്നോട്ട് പോകുന്നത് സർക്കാരിന്റെ പ്രതിച്ഛായയെ ദോഷകരമായി ബാധിക്കുന്നുവെന്നും സിപിഐ സംസ്ഥാന കൗൺസിൽ വിലയിരുത്തി.