ഗ്രീന്‍ഫീല്‍ഡില്‍ ഇന്ത്യന്‍ കരുത്ത്; അവസാന പോരാട്ടത്തിലും ശ്രീലങ്കയ്ക്ക് തോല്‍വി; പരമ്പര തൂത്തുവാരി വനിതകള്‍

Jaihind News Bureau
Tuesday, December 30, 2025

തിരുവനന്തപുരം: ശ്രീലങ്കയ്ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ട്വന്റി-20 പരമ്പര തൂത്തുവാരി ഇന്ത്യന്‍ വനിതാ ടീം. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ അവസാന പോരാട്ടത്തില്‍ 15 റണ്‍സിനാണ് ഇന്ത്യ വിജയം കുറിച്ചത്. ഇതോടെ പരമ്പരയിലെ അഞ്ച് മത്സരങ്ങളും വിജയിച്ച് ഇന്ത്യ 5-0 എന്ന നിലയില്‍ ആധിപത്യം ഉറപ്പിച്ചു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സിന്റെ കരുത്തില്‍ 20 ഓവറില്‍ 175 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. ഇന്ത്യ ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്കയ്ക്ക് നിശ്ചിത 20 ഓവറില്‍ 160 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. അവസാന ഓവറുകളില്‍ ലങ്കന്‍ ബാറ്റര്‍മാരെ പിടിച്ചുകെട്ടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചു.

ശ്രീലങ്കയ്ക്കായി ഹാസിനി പെരേരയും ഇമേഷ ദുലാനിയും അര്‍ദ്ധസെഞ്ച്വറി നേടി വിജയത്തിനായി പൊരുതിയെങ്കിലും മറ്റ് താരങ്ങളില്‍ നിന്ന് പിന്തുണ ലഭിച്ചില്ല. ഇന്ത്യന്‍ നിരയില്‍ പന്തെറിഞ്ഞ എല്ലാ ബൗളര്‍മാരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തു. തുടര്‍ച്ചയായ അഞ്ചാം വിജയത്തോടെ പരമ്പരയില്‍ ലങ്കയെ പൂര്‍ണ്ണമായും തകര്‍ക്കാന്‍ ഇന്ത്യക്ക് സാധിച്ചു.