
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ സര്‍ക്കാരിനെയും സിപിഎമ്മിനെയും കടന്നാക്രമിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊള്ളയ്ക്ക് പിന്നില്‍ വമ്പന്‍ സ്രാവുകളാണെന്നും കടകംപള്ളി സുരേന്ദ്രന്‍ ദേവസ്വം മന്ത്രിയായിരുന്ന കാലത്താണ് ഇതെല്ലാം നടന്നതെന്നത് വസ്തുതയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേവസ്വം മന്ത്രി അറിയാതെ ശബരിമലയില്‍ ഇത്രയും വലിയൊരു കൊള്ള നടക്കില്ല. അതുകൊണ്ട് തന്നെ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുടെ കണ്ണികള്‍ വിദേശത്തുവരെ നീളുന്നുണ്ടെന്ന ഗൗരവകരമായ ആരോപണവും ചെന്നിത്തല ഉയര്‍ത്തി. ‘പ്രതിപക്ഷം നേരത്തെ പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. അഴിമതിയില്‍ പാര്‍ട്ടിക്കുള്ളിലെ ഉന്നതര്‍ക്കും പങ്കുണ്ട്. വമ്പന്‍ സ്രാവുകള്‍ ഒന്നൊന്നായി കുടുങ്ങാന്‍ പോവുകയാണ്. സത്യത്തെ സ്വര്‍ണ്ണപ്പാളി കൊണ്ട് മൂടിയാലും അത് പുറത്തുവരിക തന്നെ ചെയ്യും. വരും ദിവസങ്ങളില്‍ കൂടുതല്‍ സിപിഎം ഉന്നതരുടെ പങ്ക് വെളിപ്പെടും,’ അദ്ദേഹം പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നിലപാടുകളില്‍ സഹതാപം മാത്രമാണുള്ളതെന്ന് പറഞ്ഞ ചെന്നിത്തല, കര്‍ണാടക വിഷയത്തില്‍ സിപിഎം രാഷ്ട്രീയം കളിക്കേണ്ടെന്നും മുന്നറിയിപ്പ് നല്‍കി. കര്‍ണാടകയില്‍ ബുള്‍ഡോസര്‍ രാജ് ഉണ്ടായിട്ടില്ല. കേരള മുഖ്യമന്ത്രി കര്‍ണാടക മുഖ്യമന്ത്രിയെ ഉപദേശിക്കാന്‍ നില്‍ക്കേണ്ടതില്ലെന്നും അദ്ദേഹം പരിഹസിച്ചു. ജനവിധിയെ മാനിക്കാന്‍ സിപിഎം തയ്യാറാകുന്നില്ലെന്നും, അഴിമതി മൂടിവെക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.