
മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്റെ മാതാവ് ശാന്തകുമാരി (90) അന്തരിച്ചു. പക്ഷാഘാതത്തെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. കൊച്ചി എളമക്കരയിലെ വീട്ടില്‍ വെച്ചാണ് അന്തരിച്ചത്. പരേതനായ വിശ്വനാഥന്‍ നായരാണ് ഭര്‍ത്താവ്. പ്യാരിലാല്‍, മോഹന്‍ലാല്‍ എന്നിവരാണ് മക്കള്‍. സംസ്‌കാരം നാളെ നടക്കും.
പൊതുവേദികളിലും അഭിമുഖങ്ങളിലും മോഹന്‍ലാല്‍ എപ്പോഴും വൈകാരികമായി ചേര്‍ത്തുപിടിച്ചിരുന്ന പേരായിരുന്നു അമ്മയുടേത്. അതുകൊണ്ടുതന്നെ മലയാളികള്‍ക്കും ശാന്തകുമാരി സുപരിചിതയായിരുന്നു. മാതാപിതാക്കളുടെ സ്മരണാര്‍ത്ഥമാണ് മോഹന്‍ലാല്‍ തന്റെ ചാരിറ്റി സംഘടനയ്ക്ക് ‘വിശ്വശാന്തി’ ഫൗണ്ടേഷന്‍ എന്ന് പേരിട്ടത്. തന്റെ ജീവിതത്തിലെ ഓരോ വലിയ നേട്ടങ്ങളും മോഹന്‍ലാല്‍ ആദ്യം പങ്കുവെച്ചിരുന്നത് അമ്മയുമായായിരുന്നു.
ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ച വിവരം അറിഞ്ഞപ്പോള്‍ താരം ആദ്യം ഓടിയെത്തിയത് കൊച്ചിയിലെ അമ്മയുടെ അടുത്തേക്കായിരുന്നു. ‘അമ്മയുടെ അടുത്തേക്കാണ് ആദ്യം പോയത്, അതങ്ങനെ തന്നെയല്ലേ വേണ്ടത്? ഈ നേട്ടം കാണാന്‍ അമ്മയ്ക്ക് ഭാഗ്യമുണ്ടായി, അത് പങ്കുവെക്കാന്‍ എനിക്കും. അമ്മ സുഖമില്ലാതെ ഇരിക്കുകയായിരുന്നുവെങ്കിലും എല്ലാം മനസ്സിലാക്കുന്നുണ്ടായിരുന്നു. സംസാരിക്കാന്‍ പ്രയാസമുണ്ടായിരുന്നെങ്കിലും എന്നെ അനുഗ്രഹിച്ചു, ആ അനുഗ്രഹം എപ്പോഴും എനിക്കൊപ്പമുണ്ട്,’ എന്നായിരുന്നു അന്ന് അമ്മയെ കണ്ട ശേഷം ലാല്‍ ഹൃദയസ്പര്‍ശിയായി കുറിച്ചത്.