കൊള്ളയില്‍ കുടുങ്ങുമോ കടകംപള്ളി?; സിപിഎമ്മിനെ ഞെട്ടിച്ച് എസ്‌ഐടി

Jaihind News Bureau
Tuesday, December 30, 2025

ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിര്‍ണായക നീക്കം നടത്തി എസ്‌ഐടി. അന്നത്തെ ദേവസ്വം ബോര്‍ഡ് മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് ചോദ്യം ചെയ്യല്‍ നടന്നത്. ചില ചോദ്യങ്ങള്‍ ചോദിച്ചറിഞ്ഞുവെന്നും അതിന് മറുപടി നല്‍കിയെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. ഇതോടെ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലായത് സിപിഎമ്മാണ്. കൊള്ള നടത്തിയ പ്രതികള്‍ക്കെതിരെ അച്ചടക്ക നടപടിക്ക് പോലും മുതിരാതിരുന്ന സര്‍ക്കാരിന് ഇനി ന്യായീകരണ ക്യാപ്‌സ്യൂളുകള്‍ നിരത്താന്‍ സാഹചര്യമില്ലെന്നത് വ്യക്തമാണ്.

ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്തിനെയും എസ്‌ഐടി വെള്ളിയാഴ്ച ചോദ്യം ചെയ്തിരുന്നു. കട്ട സ്വര്‍ണം എവിടെ, പോറ്റിയുമായി എന്ത് ബന്ധം തുടങ്ങിയ നിര്‍ണായക ഉത്തരങ്ങളാണ് ഇനി ലഭ്യമാകേണ്ടത്. സിപിഎമ്മിന്റെ അടുത്ത വിക്കറ്റ് വരും ദിവസങ്ങളില്‍ നഷ്ടമാകുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. സ്വര്‍ണക്കൊള്ള പുറത്തു വന്ന ആദ്യഘട്ടത്തില്‍ തന്നെ പ്രതിപക്ഷം ആവര്‍ത്തിച്ച് ആവശ്യപ്പെട്ട കാര്യമാണ് കടകംപള്ളിയിലേക്ക് ചോദ്യമുന നീളണമെന്നുള്ളത്. തുടര്‍ച്ചയായ ഹൈക്കോടതിയുടെയും പ്രതിപക്ഷത്തിന്റെയും വിമര്‍ശനമാണ് കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ എസ്‌ഐടിയെ സഹായിച്ചത്.