ശബരിമല സ്വര്‍ണ്ണക്കൊള്ള: കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം; പത്മകുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

Jaihind News Bureau
Tuesday, December 30, 2025

ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ നിര്‍ണ്ണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് എന്നിവരെ അന്വേഷണ സംഘം ചോദ്യം ചെയ്തു. കഴിഞ്ഞ ശനിയാഴ്ച നടന്ന ചോദ്യം ചെയ്യല്‍ രണ്ട് മണിക്കൂറോളം നീണ്ടുനിന്നു. സംഭവവുമായി ബന്ധപ്പെട്ട് അതീവ രഹസ്യമായും ഗൗരവകരമായുമാണ് ചോദ്യം ചെയ്യല്‍ നടന്നത്. അന്വേഷണ സംഘത്തോട് സഹകരിച്ചുവെന്നും മന്ത്രിയെന്ന നിലയില്‍ തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ വ്യക്തമാക്കിയെന്നും കടകംപള്ളി സുരേന്ദ്രന്‍ പിന്നീട് പ്രതികരിച്ചു.

അതേസമയം, കേസിലെ മുഖ്യപ്രതികളായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, ഗോവര്‍ദ്ധന്‍ എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. 40 ദിവസമായി താന്‍ ജയിലില്‍ കഴിയുകയാണെന്ന് പത്മകുമാര്‍ കോടതിയെ ബോധിപ്പിച്ചെങ്കിലും നിലവില്‍ ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കേസ് അന്വേഷണം ഒരു പരിധിക്കപ്പുറം മുന്നോട്ട് പോകുന്നില്ലെന്ന് ഹൈക്കോടതി ആവര്‍ത്തിച്ച് നിരീക്ഷിച്ച സാഹചര്യത്തിലാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്. കോടതി അവധിക്ക് ശേഷം മാത്രമേ ഇവരുടെ ജാമ്യഹര്‍ജികള്‍ ഇനി പരിഗണിക്കുകയുള്ളൂ.

മുന്‍ മന്ത്രിയെയും മുന്‍ ബോര്‍ഡ് പ്രസിഡന്റിനെയും ചോദ്യം ചെയ്തതോടെ അന്വേഷണം ഭരണസിരാകേന്ദ്രങ്ങളിലെ ഉന്നതരിലേക്ക് നീങ്ങുകയാണെന്ന സൂചനയാണ് ലഭിക്കുന്നത്. സ്വര്‍ണ്ണപ്പാളികള്‍ മാറ്റിയതിലും അത് കടത്തിയതിലും ആരുടെയൊക്കെ ഒത്താശ ഉണ്ടായിരുന്നു എന്ന കാര്യത്തില്‍ വ്യക്തത വരുത്താനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രമുഖരെ ചോദ്യം ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.