
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് ഡി. മണി എന്ന എം.എസ്. മണി പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) മുന്നിൽ ഹാജരായി. ചൊവ്വാഴ്ച രാവിലെ സുഹൃത്ത് ബാലമുരുകനൊപ്പം ഈഞ്ചയ്ക്കലിലെ എസ്‌ഐടി ഓഫീസിലെത്തിയാണ് മണി ഹാജരായത്. ഇരുവരും അഭിഭാഷകരുടെ സാന്നിധ്യത്തിലായിരുന്നു.
കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ഒരു വിദേശ വ്യവസായിയും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മണിയെയും ബാലമുരുകനെയും ചോദ്യം ചെയ്യാൻ എസ്‌ഐടി വിളിപ്പിച്ചത്. വ്യവസായി നൽകിയ ഫോൺ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് എസ്‌ഐടി ഡി. മണിയിലേക്ക് എത്തിച്ചേർന്നത്.
സ്വർണക്കൊള്ളക്കേസുമായി തനിക്ക് യാതൊരു ബന്ധവും ഇല്ലെന്ന് മണി അന്വേഷണ സംഘത്തെ അറിയിച്ചു. താൻ ഡി. മണിയല്ലെന്നും ദാവൂദ് മണിയുമല്ലെന്നും, സുഹൃത്ത് ബാലമുരുകന്റെ പേരിലുള്ള സിം കാർഡാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയെയോ മറ്റ് പ്രതികളെയോ പരിചയമില്ലെന്നും മണി പറഞ്ഞു.
ദിണ്ടിഗൽ കേന്ദ്രീകരിച്ച് മണിയെ സംബന്ധിച്ച് നേരത്തെ വ്യക്തമായ വിവരങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് അന്വേഷണ സംഘം നോട്ടീസ് നൽകി ഹാജരാക്കുകയായിരുന്നു. സ്വർണക്കൊള്ളയുമായി മണിക്ക് നേരിട്ടോ പരോക്ഷമായോ ബന്ധമുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് എസ്‌ഐടി വ്യക്തമാക്കി.