‘വസ്തുതകൾ ഒളിച്ചുവെക്കരുത്, ഭരണവിരുദ്ധ വികാരം യാഥാർത്ഥ്യം’; സിപിഎമ്മിനെതിരെ വിരൽചൂണ്ടി സിപിഐ

Jaihind News Bureau
Tuesday, December 30, 2025

തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നിലെ യഥാർത്ഥ വസ്തുതകൾ സി.പി.എം മറച്ചുവെക്കുകയാണെന്ന കടുത്ത വിമർശനമാണ് സി.പി.ഐ എക്സിക്യൂട്ടീവ് യോഗത്തിൽ ഉയർന്നത്. സംസ്ഥാന സർക്കാരിനെതിരായ ശക്തമായ ഭരണവിരുദ്ധ വികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു എന്ന് സി.പി.ഐ വിലയിരുത്തുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവർത്തന ശൈലിയും നിലപാടുകളും ജനങ്ങളിൽ നിന്ന് സർക്കാരിനെ അകറ്റാൻ കാരണമായെന്നും യോഗത്തിൽ വിമർശനം ഉയർന്നു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ഒരേ വാഹനത്തിൽ മുഖ്യമന്ത്രി യാത്ര ചെയ്തത് പാർട്ടി അണികൾക്കിടയിലും പൊതുജനങ്ങൾക്കിടയിലും തെറ്റായ സന്ദേശം നൽകിയെന്ന് സി.പി.ഐ നിരീക്ഷിച്ചു.

ശബരിമല വിഷയത്തിലെ മുൻ നിലപാടുകളും സ്വർണ്ണക്കള്ളക്കടത്ത് അടക്കമുള്ള വിവാദങ്ങളും തിരഞ്ഞെടുപ്പിൽ വലിയ തോതിൽ തിരിച്ചടിയായതായി സി.പി.ഐ ചൂണ്ടിക്കാട്ടി. ഇത്തരം വിഷയങ്ങളിൽ കൃത്യമായ രാഷ്ട്രീയ വിശദീകരണം നൽകുന്നതിൽ മുന്നണി പരാജയപ്പെട്ടു. ജനവികാരം മനസ്സിലാക്കി പരാജയകാരണങ്ങൾ സത്യസന്ധമായി വിലയിരുത്തുന്നതിന് പകരം ന്യായീകരണങ്ങൾ നിരത്തി വസ്തുതകളെ മൂടിവെക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും എക്സിക്യൂട്ടീവ് കുറ്റപ്പെടുത്തി.

വിവാദങ്ങളിൽ ഉൾപ്പെട്ട പി.പി. പത്മകുമാറിനെ സംരക്ഷിക്കാനുള്ള സി.പി.എമ്മിന്റെ ശാഠ്യം വലിയ രാഷ്ട്രീയ പരാജയമായി മാറി. കോൺഗ്രസ് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ആയിരുന്നിട്ടും അച്ചടക്ക നടപടികളിലേക്ക് നീങ്ങിയപ്പോൾ, സി.പി.എം പത്മകുമാറിനെ ന്യായീകരിക്കാനാണ് ശ്രമിച്ചത്. ഇത് ജനങ്ങൾക്കിടയിൽ മോശം പ്രതിച്ഛായ ഉണ്ടാക്കിയെന്നും വോട്ട് ചോർച്ചയ്ക്ക് കാരണമായെന്നും സി.പി.ഐ വിലയിരുത്തുന്നു.

ഇന്ന് നടക്കുന്ന സി.പി.ഐ സംസ്ഥാന സമിതിയിൽ പരാജയത്തെക്കുറിച്ചുള്ള കൂടുതൽ വിശദമായ അവലോകനം ഉണ്ടാകും. എക്സിക്യൂട്ടീവിൽ ഉയർന്ന വിമർശനങ്ങൾ സംസ്ഥാന സമിതിയിൽ കൂടുതൽ ശക്തമായി ആവർത്തിക്കപ്പെടാനാണ് സാധ്യത. സി.പി.എമ്മിന്റെ മേധാവിത്വ മനോഭാവത്തിനും സർക്കാരിന്റെ പോരായ്മകൾക്കും എതിരെ കടുത്ത നിലപാട് സ്വീകരിക്കാനാണ് സി.പി.ഐ നേതാക്കളുടെ നീക്കം.