ഉപരാഷ്ട്രപതി ഇന്ന് തലസ്ഥാനത്ത്, 29–30 തീയതികളിൽ ഗതാഗത നിയന്ത്രണം

Jaihind News Bureau
Monday, December 29, 2025

ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ രണ്ട് ദിവസത്തെ തലസ്ഥാന സന്ദർശനത്തിന് ഇന്ന് തുടക്കമാകും. സന്ദർശനത്തിന്റെ ഭാഗമായി നഗരത്തിൽ ഇന്ന് ഉച്ച മുതൽ നാളെ ഉച്ചവരെ വ്യാപക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ഇന്ന് വൈകിട്ട് 7ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്ട്രപതി, രാത്രി 7.20ന് പാളയം എൽഎംഎസ് കോംപൗണ്ടിൽ നടക്കുന്ന ട്രിവാൻഡ്രം ഫെസ്റ്റിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ഇതിന് ശേഷം ലോക്ഭവനിലാണ് താമസം. നാളെ (30) രാവിലെ 10ന് വർക്കല ശിവഗിരിയിൽ 93-ാമത് ശിവഗിരി തീർഥാടന സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും. തുടർന്ന് ഹെലികോപ്റ്ററിൽ തിരുവനന്തപുരത്ത് തിരിച്ചെത്തി ഉച്ചയ്ക്ക് 12.05ന് മാർ ഇവാനിയോസ് കോളജിലെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനവും ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 1.25ന് അദ്ദേഹം തലസ്ഥാനത്ത് നിന്ന് മടങ്ങും.

സന്ദർശനത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 29ന് ഉച്ചയ്ക്ക് 2.30 മുതൽ രാത്രി 8.30 വരെയും, 30ന് രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെയും ഗതാഗത നിയന്ത്രണം നിലവിലുണ്ടാകും. 29ന് ശംഖുമുഖം ഓൾ സെയിന്റ്സ് ചാക്ക, പേട്ട, പള്ളിമുക്ക്, പാറ്റൂർ, ജനറൽ ആശുപത്രി, ആശാൻ സ്ക്വയർ, നിയമസഭ പരിസരം, ജിവി രാജ, എൽഎംഎസ്, മ്യൂസിയം, വെള്ളയമ്പലം, കവടിയാർ റോഡ് എന്നിവിടങ്ങളിലെ റോഡുകളുടെ ഇരുവശങ്ങളിലും പാർക്കിങ് അനുവദിക്കില്ല.

30ന് രാവിലെ കവടിയാർ വെള്ളയമ്പലം, മ്യൂസിയം, വിജെടി, ആശാൻ സ്ക്വയർ, ജനറൽ ആശുപത്രി, പാറ്റൂർ, പേട്ട, ചാക്ക മേഖലകളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ ചാക്ക, ലോർഡ്സ്, ലുലു, കുഴിവിള, ആക്കുളം, കോട്ടമുക്ക്, പ്രശാന്ത് നഗർ, ഉള്ളൂർ, കേശവദാസപുരം, പരുത്തിപ്പാറ, മാർ ഇവാനിയോസ് കോളജ് റോഡ് എന്നിവിടങ്ങളിലും പാർക്കിങ് നിരോധനമുണ്ടാകും. ശംഖുമുഖം ഓൾ സെയിന്റ്സ് ചാക്ക റോഡുകളിലും നാളെ ഉച്ചവരെ പാർക്കിങ് അനുവദിക്കില്ല.
ഇതോടൊപ്പം 29, 30 തീയതികളിൽ ശംഖുമുഖം, വലിയതുറ, പൊന്നറ, കല്ലുംമൂട്, ഈഞ്ചയ്ക്കൽ, അനന്തപുരി ആശുപത്രി, മിത്രാനന്ദപുരം, എസ്.പി. ഫോർട്ട്, ശ്രീകണ്ഠേശ്വരം പാർക്ക്, തകരപറമ്പ് മേൽപാലം, തമ്പാനൂർ ഫ്ലൈഓവർ, തൈക്കാട്, വഴുതക്കാട്, കവടിയാർ റോഡ് എന്നിവിടങ്ങളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നാളെ വിമൻസ് കോളജ്, ബേക്കറി ജംഗ്ഷൻ, പഞ്ചാപുര, രക്തസാക്ഷിമണ്ഡപം, നിയമസഭാ മന്ദിരം, പിഎംജി, പ്ലാമൂട്, പട്ടം, കുറവൻകോണം, ഇൻഫോസിസ്, കഴക്കൂട്ടം, വെട്ടുറോഡ് എന്നിവിടങ്ങളിലും നിയന്ത്രണം ബാധകമായിരിക്കും.

ആഭ്യന്തര വിമാനത്താവളത്തിലേക്ക് പോകുന്നവർ വെൺപാലവട്ടം, ചാക്ക ഫ്ലൈഓവർ, ഈഞ്ചയ്ക്കൽ, കല്ലുംമൂട്, പൊന്നറ പാലം, വലിയതുറ വഴി യാത്ര ചെയ്യണം. രാജ്യാന്തര ടെർമിനലിലേക്കുള്ള യാത്ര അനന്തപുരി ആശുപത്രി സർവീസ് റോഡ് വഴിയും നടത്തേണ്ടതാണ്.