ശബരിമല സ്വർണക്കൊള്ള: പ്രവാസി വ്യവസായിയുടെ മൊഴിയിൽ കൂടുതൽ വ്യക്തത; ഡി മണിയെ വിശദമായി ചോദ്യം ചെയ്യും

Jaihind News Bureau
Monday, December 29, 2025

ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് പ്രവാസി വ്യവസായി നൽകിയ മൊഴിയിൽ കൂടുതൽ വ്യക്തത വന്നതായി അന്വേഷണ സംഘം അറിയിച്ചു. വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള വിലപിടിപ്പുള്ള വസ്തുക്കൾ കൈവശമുണ്ടെന്ന് ഡി മണി തന്നോട് പറഞ്ഞതായി പ്രവാസി വ്യവസായി മൊഴി നൽകിയിട്ടുണ്ട്.

തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുമായി ബന്ധമുള്ള ചില കേന്ദ്രങ്ങളാണ് ഡി മണിയെ പരിചയപ്പെടുത്തിയതെന്ന് പ്രവാസി വ്യവസായി പറയുന്നു. ആന്റിക് ബിസിനസിൽ താൽപര്യമുണ്ടായിരുന്ന താൻ, വിലപിടിപ്പുള്ള വസ്തുക്കൾ കാണുന്നതിനായി ഡിണ്ടിഗലിലുള്ള ഡി മണിയുടെ വീട്ടിലെത്തിയതായും മൊഴിയിൽ പറയുന്നു. അവിടെ ഒരു ചാക്കിൽ കെട്ടിയ നിലയിലായിരുന്നു വസ്തുക്കൾ സൂക്ഷിച്ചിരുന്നതെന്നും, ശബരിമല ഉൾപ്പെടെയുള്ള വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള അമൂല്യ വസ്തുക്കളാണിതെന്നും, ഇവയെല്ലാം ഒരു ‘പോറ്റി’ കൈമാറിയതാണെന്നുമാണ് ഡി മണി പറഞ്ഞതെന്നും വ്യവസായി വ്യക്തമാക്കി. എന്നാൽ, വസ്തുക്കൾ തുറന്ന് കാണാൻ അനുവദിച്ചില്ലെന്നും, വിലപേശലുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഇടപാട് പിന്നീട് നടന്നില്ലെന്നും പ്രവാസി വ്യവസായിയുടെ മൊഴിയിലുണ്ട്.

ഇതിനിടെ,  ആദ്യം എംഎസ് മണിയാണെന്നും ഡി മണിയല്ലെന്നുമാണ് ഇയാൾ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നത്. എന്നാൽ, ഇയാൾ ഡി മണി തന്നെയാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. തുടക്കത്തിൽ അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാകാതിരുന്നെങ്കിലും, നാളെ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് ഇയാൾ അറിയിച്ചതായി എസ്‌ഐടി വ്യക്തമാക്കി.
ഡിണ്ടിഗൽ സ്വദേശിയായ എംഎസ് മണിയെ നാളെ എസ്‌ഐടി ചോദ്യം ചെയ്യും. മണി ഉപയോഗിച്ച ഫോൺ നമ്പറുകൾ മറ്റ് മൂന്ന് പേരുടെ വിലാസത്തിൽ എടുത്തതാണെന്നും, ഇവരോടും അന്വേഷണത്തിന് ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു.

ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള വസ്തുക്കൾ മണിയുടെ നേതൃത്വത്തിലുള്ള സംഘം രാജ്യാന്തര കള്ളക്കടത്ത് സംഘത്തിന് വിറ്റുവെന്നാണ് പത്തനംതിട്ട സ്വദേശിയായ മറ്റൊരു വ്യവസായിയുടെ മൊഴി. അതേസമയം, സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന സ്വർണവ്യാപാരി ഗോവർദ്ധനും, ചെന്നൈ സ്മാർട്ട് ക്രിയേഷൻ ഉടമ പങ്കജ് ഭണ്ഡാരിയെയും കസ്റ്റഡിയിൽ വാങ്ങുന്നതിനായി എസ്‌ഐടി നാളെ അപേക്ഷ നൽകും.