‘മുഖ്യമന്ത്രിയെ വിമര്‍ശിച്ചാല്‍ വീട്ടില്‍ പോലീസ് എത്തും’; മുഖ്യമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ്

Jaihind News Bureau
Sunday, December 28, 2025

തൃശൂരിലെ മറ്റത്തൂർ പഞ്ചായത്തിൽ ബിജെപി ഭരണം പിടിച്ചെടുത്തതിനെ ‘ഓപ്പറേഷൻ ലോട്ടസ്’ എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷമായ ഭാഷയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മറുപടി നൽകി. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് കനത്ത തോൽവി ഏറ്റുവാങ്ങിയിട്ടും, അത് അംഗീകരിക്കാതെ മറ്റുള്ളവരെ പരിഹസിക്കുന്നതിലാണ് മുഖ്യമന്ത്രിക്ക് താൽപ്പര്യമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തോറ്റിട്ടും തോറ്റിട്ടില്ലെന്ന ഭാവത്തിലാണ് മുഖ്യമന്ത്രിയും സർക്കാരും ഇരിക്കുന്നതെന്നും, തോൽവിയെക്കുറിച്ച് പഠിക്കാനാണ് എൽഡിഎഫ് ശ്രമിക്കേണ്ടതെന്നും അടൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

മറ്റത്തൂർ പഞ്ചായത്തിലെ സംഭവവികാസങ്ങളിൽ കോൺഗ്രസ് ബിജെപിയെ സഹായിച്ചു എന്ന ആരോപണം അദ്ദേഹം പൂർണ്ണമായും തള്ളി. അവിടെ കോൺഗ്രസിൽ നിന്ന് ആരും ബിജെപിയിലേക്ക് പോയിട്ടില്ലെന്നും, രണ്ട് വിമതർ ജയിച്ചതിനെ തുടർന്നുണ്ടായ പ്രാദേശിക രാഷ്ട്രീയ നീക്കങ്ങൾ മാത്രമാണ് നടന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഒരു വിമതനെ സിപിഎം പിന്തുണച്ചപ്പോൾ മറ്റൊരാളെ മറ്റൊരു വിഭാഗം പിന്തുണച്ചു. ഇത് പാർട്ടി തീരുമാനത്തിന് വിരുദ്ധമായതിനാൽ നടപടിയുണ്ടാകും. എന്നാൽ കോൺഗ്രസുകാർ ബിജെപിയിലേക്ക് പോകണമെന്ന് മുഖ്യമന്ത്രി ആഗ്രഹിക്കുന്നുണ്ടെന്നും, മോദിയും അമിത് ഷായും പറയുന്നത് കണ്ണടച്ച് ഒപ്പിടുന്ന നിലപാടാണ് മുഖ്യമന്ത്രിക്കുള്ളതെന്നും അദ്ദേഹം പരിഹസിച്ചു.

സിപിഎമ്മിനെ ആരും വിമർശിക്കാൻ പാടില്ലെന്ന അസഹിഷ്ണുതയാണ് സർക്കാർ കാണിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. “പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്” എന്ന് സിനിമയിൽ പറയുന്നതുപോലെ, മുഖ്യമന്ത്രിയെ വിമർശിച്ചാൽ വീട്ടിൽ പോലീസ് വരുമെന്ന അവസ്ഥയാണ് കേരളത്തിലുള്ളതെന്ന് അദ്ദേഹം പരിഹസിച്ചു. ജനാധിപത്യപരമായ വിമർശനങ്ങളെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസിലെ സംഘടനാപരമായ മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. പാർട്ടിയിൽ തലമുറ മാറ്റം എന്നത് എഐസിസിയുടെയും രാഹുൽ ഗാന്ധിയുടെയും ആവശ്യമാണ്. യുവാക്കൾക്കും സ്ത്രീകൾക്കും അർഹമായ പ്രാധാന്യം നൽകി പാർട്ടിയെ സജീവമാക്കുകയാണ് ലക്ഷ്യം. എന്നാൽ ഇത് മുതിർന്ന നേതാക്കളെ മാറ്റിനിർത്തിക്കൊണ്ടാവില്ല. പഴയ തലമുറയെയും പുതിയ തലമുറയെയും കോർത്തിണക്കി പാർട്ടിയെ ശക്തിപ്പെടുത്തുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.