
പാലക്കാട് ചിറ്റൂരിലെ അമ്പാട്ടുപാളയത്തെ തേങ്ങലിലാഴ്ത്തിക്കൊണ്ട് ആറ് വയസ്സുകാരൻ സുഹാന്റെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ വീടിനു മുന്നിൽ കളിച്ചുകൊണ്ടിരിക്കെ കാണാതായ സുഹാനെ കണ്ടെത്താൻ നാടൊന്നാകെ തിരച്ചിലിലായിരുന്നു. എന്നാൽ 21 മണിക്കൂർ നീണ്ട ആശങ്കകൾക്കൊടുവിൽ ഞായറാഴ്ച രാവിലെ വീടിന് വെറും നൂറ് മീറ്റർ മാത്രം അകലെയുള്ള കുളത്തിൽ മൃതദേഹം പൊങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.
അമ്പാട്ടുപാളയം എരുമൻകോട് സ്വദേശികളായ മുഹമ്മദ് അനസ് – തൗഹിത ദമ്പതികളുടെ ഇളയമകനാണ് സുഹാൻ. കുട്ടിയെ കാണാതായ നിമിഷം മുതൽ വീട്ടുകാരും നാട്ടുകാരും പോലീസും അഗ്നിശമന സേനയും സംയുക്തമായി വലിയ തോതിലുള്ള തിരച്ചിലാണ് നടത്തിയത്. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകാമെന്നടക്കമുള്ള ഭീതി നിലനിൽക്കെയാണ് ഏവരെയും സങ്കടത്തിലാഴ്ത്തിക്കൊണ്ട് കുളത്തിൽ നിന്നും മൃതദേഹം കണ്ടെടുത്തത്.
ശനിയാഴ്ച ഉച്ചയോടെയാണ് സുഹാനെ അവസാനമായി നാട്ടുകാർ കണ്ടത്. പിന്നീട് കാണാതായതോടെ സോഷ്യൽ മീഡിയ വഴിയും മറ്റും വാർത്താ പ്രചരിക്കുകയും പ്രാർത്ഥനയോടെ ചിറ്റൂർ നിവാസികൾ തിരച്ചിലിന് ഇറങ്ങുകയും ചെയ്തിരുന്നു. ഒടുവിൽ ഇന്ന് രാവിലെ ഒമ്പത് മണിയോടെ കുളത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. അപകടം നടന്നത് എങ്ങനെയാണെന്ന കാര്യത്തിൽ വ്യക്തത വരാനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നിലവിൽ സുഹാന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്‌മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഒരു നാടിന്റെയാകെ പ്രതീക്ഷയായിരുന്ന പിഞ്ചുബാലന്റെ അപ്രതീക്ഷിത വിയോഗം അമ്പാട്ടുപാളയത്തെ കടുത്ത ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.