
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരും സ്വഭാവവും മാറ്റിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് കോൺഗ്രസ് പ്രവർത്തക സമിതി ആഹ്വാനം ചെയ്തു. ജനുവരി 5 മുതൽ ‘തൊഴിലുറപ്പ് സംരക്ഷണ പോരാട്ടം’ ആരംഭിക്കാനാണ് ഡൽഹിയിൽ ചേർന്ന യോഗത്തിൽ തീരുമാനമായത്. പുതിയ നിയമം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറ്റൊരു ‘വൺമാൻ ഷോ’ ആണെന്നും കേന്ദ്ര മന്ത്രിസഭയെപ്പോലും അറിയിക്കാതെയാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
സംസ്ഥാനങ്ങൾക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തിവച്ച് പദ്ധതിയെ പാടെ ഇല്ലാതാക്കാനാണ് കേന്ദ്ര നീക്കമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. തൊഴിലുറപ്പിനായി നീക്കിവച്ചിരിക്കുന്ന പണം വകമാറ്റി വിവിധ പദ്ധതികളിലൂടെ അദാനിക്ക് എത്തിച്ചു നൽകാനാണ് മോദി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാനോ കേന്ദ്ര മന്ത്രിസഭയോ ഈ പരിഷ്കാരത്തെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നും പ്രധാനമന്ത്രി ഏകപക്ഷീയമായി എടുത്ത തീരുമാനമാണിതെന്നും രാഹുൽ പറഞ്ഞു.
പാർലമെന്റിന് അകത്തും പുറത്തും ഈ വിഷയത്തിൽ ശക്തമായ പോരാട്ടം നടത്താനാണ് കോൺഗ്രസ് തീരുമാനം. പ്രക്ഷോഭത്തിൽ ‘ഇന്ത്യ’ സഖ്യത്തിലെ മറ്റു കക്ഷികളുടെ പിന്തുണയും പാർട്ടി തേടും. ശശി തരൂർ ഉൾപ്പെടെ 91 പ്രമുഖ നേതാക്കൾ പങ്കെടുത്ത പ്രവർത്തക സമിതി യോഗം പ്രതിജ്ഞയെടുത്താണ് സമരത്തിലേക്ക് കടക്കുന്നത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സാധാരണക്കാരെ ബാധിക്കുന്ന ഈ വിഷയം പ്രധാന പ്രചാരണായുധമാക്കാനും കോൺഗ്രസ് പദ്ധതിയിടുന്നു.