സ്വാതന്ത്ര്യത്തിന്റെ വിത്തുപാകിയ പ്രസ്ഥാനം; കോൺഗ്രസ് രൂപീകരണത്തിന്റെ 140 വർഷങ്ങൾ-ഒരു ഇതിഹാസ യാത്ര

Jaihind News Bureau
Saturday, December 27, 2025

ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകമായ ഏടാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. 1885 ഡിസംബര്‍ 28-ന് മുംബൈയിലെ ഗോകുല്‍ദാസ് തേജ്പാല്‍ സംസ്‌കൃത കോളേജില്‍ വെച്ച് രൂപീകരിക്കപ്പെട്ട ഈ പ്രസ്ഥാനം, കേവലമൊരു രാഷ്ട്രീയ പാര്‍ട്ടി എന്നതിലുപരി ഒരു രാജ്യത്തിന്റെ ഉയിര്‍ത്തെഴുന്നേല്പിന്റെയും സ്വാതന്ത്ര്യബോധത്തിന്റെയും അടയാളമാണ്. 2025 ഡിസംബര്‍ 28-ന് കോണ്‍ഗ്രസ് അതിന്റെ 140-ാം സ്ഥാപക ദിനം ആഘോഷിക്കുമ്പോള്‍, അത് ഇന്ത്യയുടെ തന്നെ ചരിത്രത്തോടുള്ള ഒരു തിരിഞ്ഞുനോട്ടമായി മാറുന്നു.

റിട്ടയേര്‍ഡ് ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ ആലന്‍ ഒക്ടേവിയന്‍ ഹ്യൂമിന്റെ മുന്‍കൈയിലാണ് കോണ്‍ഗ്രസ് രൂപംകൊണ്ടത്. ഡബ്ല്യു.സി. ബാനര്‍ജി ആദ്യ പ്രസിഡന്റായ ഈ യോഗത്തില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 72 പ്രതിനിധികളാണ് പങ്കെടുത്തത്. ബ്രിട്ടീഷ് ഭരണകൂടത്തിന് മുന്നില്‍ ഇന്ത്യന്‍ ജനതയുടെ ആവശ്യങ്ങള്‍ സമാധാനപരമായി അവതരിപ്പിക്കുക എന്നതായിരുന്നു പ്രാരംഭ ലക്ഷ്യം. എന്നാല്‍ വൈകാതെ തന്നെ അതൊരു ജനകീയ മുന്നേറ്റമായി പരിണമിച്ചു.

ഗോപാലകൃഷ്ണ ഗോഖലെ, ദാദാഭായ് നവറോജി തുടങ്ങിയ ‘മിതവാദി’ നേതാക്കളിലൂടെയും ബാലഗംഗാധര തിലക്, ലാലാ ലജ്പത് റായ് തുടങ്ങിയ ‘തീവ്രവാദി’ നേതാക്കളിലൂടെയും വളര്‍ന്ന കോണ്‍ഗ്രസ്, മഹാത്മാഗാന്ധിയുടെ വരവോടെയാണ് ഒരു ബഹുജന പ്രസ്ഥാനമായി മാറിയത്. അഹിംസയും സത്യഗ്രഹവും ആയുധമാക്കി ഗാന്ധിജി നയിച്ച നിസ്സഹകരണ പ്രസ്ഥാനം, നിയമലംഘന പ്രസ്ഥാനം, ക്വിറ്റ് ഇന്ത്യ സമരം എന്നിവ കോണ്‍ഗ്രസിനെ ഗ്രാമഗ്രാമാന്തരങ്ങളില്‍ എത്തിച്ചു. ജവഹര്‍ലാല്‍ നെഹ്റു, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, മൗലാന അബുല്‍ കലാം ആസാദ്, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ സമാനതകളില്ലാത്ത നേതാക്കളുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചു.

1947-ല്‍ സ്വാതന്ത്ര്യം ലഭിച്ച ശേഷം ശിഥിലമായ ഒരു രാജ്യത്തെ ഐക്യപ്പെടുത്താനും ജനാധിപത്യത്തിന്റെ ശക്തമായ അടിത്തറ പണിയാനും കോണ്‍ഗ്രസിന് സാധിച്ചു. നെഹ്റുവിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതികള്‍, വ്യവസായവല്‍ക്കരണം, ശാസ്ത്ര-സാങ്കേതിക രംഗത്തെ കുതിച്ചുചാട്ടം എന്നിവ ഇന്ത്യയെ ആധുനിക ലോകത്തിന് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ പ്രാപ്തമാക്കി. ‘മതനിരപേക്ഷത’ എന്ന ആശയത്തെ ഭരണഘടനയുടെ ആത്മാവായി കാത്തുസൂക്ഷിക്കാന്‍ കോണ്‍ഗ്രസ് എക്കാലവും നിലകൊണ്ടു.

ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, പി.വി. നരസിംഹറാവു, മന്‍മോഹന്‍ സിംഗ് , സോണിയാ ഗാന്ധി തുടങ്ങിയവിലൂടെ രാജ്യം സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കും സാങ്കേതിക വിപ്ലവത്തിനും സാക്ഷ്യം വഹിച്ചു. വിവിധ ഘട്ടങ്ങളില്‍ പിളര്‍പ്പുകളും പരാജയങ്ങളും നേരിട്ടപ്പോഴും, ഇന്ത്യയുടെ നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തെ മുറുകെ പിടിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു.

140-ാം വര്‍ഷത്തില്‍ എത്തിനില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് നേരിടുന്നത് വലിയ രാഷ്ട്രീയ വെല്ലുവിളികളാണ്. എങ്കിലും, ഭരണഘടനാ മൂല്യങ്ങള്‍ ഭീഷണി നേരിടുന്നു എന്ന് ആക്ഷേപമുയരുന്ന വര്‍ത്തമാനകാലത്ത്, വിയോജിപ്പുകള്‍ക്കും സംവാദങ്ങള്‍ക്കും ഇടമുള്ള ഒരു ജനാധിപത്യ ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടത്തിലാണ് പാര്‍ട്ടി . മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തിലും രാഹുല്‍ ഗാന്ധിയുടെ ജനകീയ യാത്രകളിലൂടെയും പാര്‍ട്ടി ജനകീയ ഊര്‍ജ്ജം കണ്ടെത്തുന്നു.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ഉയര്‍ന്ന ഒരു ചെറുശബ്ദത്തില്‍ നിന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നട്ടെല്ലായി മാറിയ ചരിത്രമാണ് കോണ്‍ഗ്രസിന്റേത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥാപക ദിനം കേവലം ഒരു പാര്‍ട്ടിയുടെ വാര്‍ഷികമല്ല, മറിച്ച് ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സുദീര്‍ഘമായ യാത്രയുടെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്.