‘പോറ്റിയെ കേറ്റിയേ’ മുതൽ എഐ ഫോട്ടോ വരെ; ആവിഷ്‌കാര സ്വാതന്ത്ര്യത്തിൽ സർക്കാരിന് ഇരട്ടത്താപ്പ്

Jaihind News Bureau
Saturday, December 27, 2025

തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് പ്രവർത്തകർ തരംഗമാക്കിയ ‘പോറ്റിയെ കേറ്റിയേ’ എന്ന പാരഡി ഗാനവുമായി ബന്ധപ്പെട്ട കേസ് പരാജയപ്പെട്ടതിന് പിന്നാലെ, എഐ ഫോട്ടോ വിവാദത്തിലും സർക്കാരിന് തിരിച്ചടി.  മുഖ്യമന്ത്രി പിണറായി വിജയനെതിരെ വ്യാജ ചിത്രം പ്രചരിപ്പിച്ചു എന്നാരോപിച്ച് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എൻ. സുബ്രഹ്മണ്യനെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും, പ്രതിഷേധം ശക്തമായതോടെ വിട്ടയക്കേണ്ടി വന്നു.

മുഖ്യമന്ത്രിയും ശബരിമല സ്വർണ്ണക്കൊള്ളക്കേസ് പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയും ഒന്നിച്ചുനിൽക്കുന്ന രീതിയിൽ എഡിറ്റ് ചെയ്ത ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു എന്നതാണ് സുബ്രഹ്മണ്യനെതിരെയുള്ള പരാതി. “ഇരുവരും തമ്മിൽ ഇത്ര അഗാധമായ ബന്ധമുണ്ടാകാൻ കാരണമെന്ത്?” എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിപ്പിച്ചത്. ഇത് സമൂഹത്തിൽ കലാപമുണ്ടാക്കാൻ ബോധപൂർവ്വം നടത്തിയ ശ്രമമാണെന്ന് ആരോപിച്ചാണ് പോലീസ് ഇന്ന് രാവിലെ അദ്ദേഹത്തെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്.

എന്നാൽ, കോഴിക്കോട് ജില്ലയിലെ കോൺഗ്രസ് നേതൃത്വം ഒന്നടങ്കം പോലീസ് നടപടിക്കെതിരെ രംഗത്തെത്തിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. ലഹളയ്ക്ക് ആഹ്വാനം നൽകി എന്ന പോലീസിന്റെ വാദം നിയമപരമായി നിലനിൽക്കില്ലെന്ന് വന്നതോടെ നോട്ടീസ് നൽകി അദ്ദേഹത്തെ വിട്ടയച്ചു. സർക്കാരിന്റെ ഈ നടപടി രാഷ്ട്രീയ നാടകമാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു.

നേരത്തെ ‘പോറ്റിയെ കേറ്റിയേ’ എന്ന പാട്ടിന്റെ രചയിതാക്കൾക്കും അണിയറ പ്രവർത്തകർക്കുമെതിരെ എടുത്ത കേസും സമാനമായ രീതിയിൽ പരാജയപ്പെട്ടിരുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുന്നു എന്ന് അവകാശപ്പെടുന്ന ഇടതുപക്ഷ സർക്കാരിന്റെ ഇത്തരം നടപടികൾ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്.